5. സ്ത്രീകള്‍ക്ക് വീടാണ് ഉത്തമം എന്ന ഹദീസ്
സ്ത്രീകള്‍ക്ക് വീടാണ് ഉത്തമം എന്ന ഹദീസ്
-------------------------
സ്ത്രീകളെ പള്ളിയില്‍ നിന്ന് തടയാന്‍ വേണ്ടി അവരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഉസ്താദുമാര്‍ പ്രചരിപ്പിക്കാറുള്ള ഒരു ഹദീസാണ് സ്ത്രീകള്‍ക്ക് വീടാണ് ഉത്തമം എന്ന ഹദീസ്.
ഈ ഹദീസിന്‍റെ സ്വീകാര്യതയെപറ്റിയുള്ള പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ നമുക്കൊന്ന് പരിശോധിക്കാം .
പരിശുദ്ധ ഖുര്‍ആനില്‍ സൂറത്ത് അഹ്സാബില്‍ അല്ലാഹു പറയുന്നു :
وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَى وَأَقِمْنَ الصَّلَاةَ وآتِينَ الزَّكَاةَ وَأَطِعْنَ اللَّهَ وَرَسُولَهُ إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنْكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا
"നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. ( പ്രവാചകന്‍റെ ) വീട്ടുകാരേ! നിങ്ങളില്‍ നിന്ന് മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്."
"നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. ( പ്രവാചകന്‍റെ ) വീട്ടുകാരേ! നിങ്ങളില്‍ നിന്ന് മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്."
ഹിജാബിന്‍റെ ആയത്തെന്ന് സമസ്തക്കാര്‍ പറയാറുള്ള സൂറത്ത് അഹ്‌സാബിലെ 33 മത്തെ ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം ഇബ്‌നുകസീര്‍ (റ) പറയുന്നത് കാണുക
وَقَوْلُهُ : ( وَقَرْنَ فِي بُيُوتِكُنَّ ) أَيِ : الْزَمْنَ بُيُوتَكُنَّ فَلَا تَخْرُجْنَ لِغَيْرِ حَاجَةٍ وَمِنِ الْحَوَائِجِ الشَّرْعِيَّةِ الصَّلَاةُ فِي الْمَسْجِدِ بِشَرْطِهِ ، كَمَا قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " لَا تَمْنَعُوا إِمَاءَ اللَّهِ مَسَاجِدَ اللَّهِ ، وَلْيَخْرُجْنَ وَهُنَّ تَفِلَاتٌ " وَفِي رِوَايَةٍ : " وَبُيُوتُهُنَّ خَيْرٌ لَهُنَّ "
“സ്ത്രീകള്‍ വീടുകളില്‍ ഒതുങ്ങിക്കഴിയണം. അത്യാവശ്യങ്ങള്‍ക്കല്ലാതെ അവര്‍ പുറത്ത് പോകാന്‍ പാടുള്ളതല്ല, നമസ്‌ക്കാരത്തിന് വേണ്ടി ശര്‍ത് പാലിച്ചുകൊണ്ട് പള്ളിയില്‍ പോവുക എന്നത് ശറഹില്‍ അനുവദിക്കപ്പെട്ടതാണ്. അല്ലാഹുവിന്റെ ദാസികളെ നിങ്ങള്‍ അല്ലാഹുവിന്റെ പള്ളികളില്‍ നിന്നും തടയരുത്. അവര്‍ ആഢംബരമില്ലാതെ പുറപ്പെടട്ടെ എന്ന് നബി (സ) പറഞ്ഞപോലെ .”
മറ്റൊരു റിപ്പോര്‍ട്ടില്‍ “സ്ത്രീകള്‍ക്ക് വീടാണ് ഉത്തമം” എന്നുണ്ട്
( തഫ്‌സീര്‍ ഇബ്‌നുകസീര്‍ )
മറ്റൊരു റിപ്പോര്‍ട്ടില്‍ “സ്ത്രീകള്‍ക്ക് വീടാണ് ഉത്തമം” എന്നുണ്ട്
( തഫ്‌സീര്‍ ഇബ്‌നുകസീര്‍ )
സ്ത്രീകള്‍ക്ക് പള്ളി വിലക്കാന്‍ സമസ്തക്കാര്‍ പറയാറുള്ള ഈ ആയതിന്റെ തഫ്‌സീറില്‍ തന്നെ ഇബ്‌നുകസീര്‍ പറയുന്നത് സ്ത്രീകള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി കഴിയണമെന്നും, എന്നാല്‍ ശര്‍ത് പാലിച്ചുകൊണ്ട് നമസ്‌കാരങ്ങള്‍ക്ക് പള്ളിയില്‍ പോകാന്‍ അവര്‍ക്ക് അനുവാദമുണ്ടന്നും, മാത്രമല്ല, അവര്‍ പുറപ്പെടുന്നുവെങ്കില്‍ ആഢംബരമില്ലാതെ പുറപ്പെടട്ടെ എന്നും, ഇങ്ങനെ പള്ളിയിലേക്ക് പോകുന്ന സ്ത്രീകളെ തടയരുതെന്നുമുള്ള പ്രവാചകന്റെ കല്പനയുണ്ടെന്നുമാണ്.
എന്നാല്‍ സത്യം മറച്ചുവെക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇബ്‌നുകസീറിന്റെ ഈ വാചകം കണ്ടില്ലന്ന് വെക്കുകയും ശേഷമുള്ള “സ്ത്രീകള്‍ക്ക് വീടാണ് ഉത്തമം എന്നൊരു റിപ്പോര്‍ട്ടുമുണ്ട് ” എന്നതില്‍ കടിച്ച് തൂങ്ങുകയും ചെയ്യുന്നു. അതാകട്ടെ തെളിവിനു പറ്റില്ല എന്ന് മറ്റു പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടതുമാണ്. സഹീഹായാല്‍ തന്നെ ഹദീസിന്റെ ഉദ്ദേശ്യം സ്ത്രീകള്‍ക്ക് പൊതുവായ നിലക്ക് വീടാണ് ഉത്തമം എന്നാണ്. അതുകൊണ്ടാണ് ഇബ്‌നുകസീര്‍ സ്ത്രീകള്‍ വീടുകളില്‍ അടങ്ങിയൊതുങ്ങി കഴിയണമെന്നും എന്നാല്‍ പള്ളിയില്‍ പോകല്‍ അവര്‍ക്ക് അനുവദിനീയമാണെന്ന് ഒരുമിച്ച് പറയുകയും ചെയ്തത്. കാരണം അനുവദിനീയ കാര്യങ്ങളില്‍ മാത്രമേ അതില്‍ ഉത്തമം ഏതെന്നു ചോദ്യമുള്ളൂ. അത്തരം കാര്യങ്ങളില്‍ ഒരു തര്‍ക്കത്തിന്റെ ആവശ്യമില്ല. കൂടാതെ ഒരു കാര്യം ഉത്തമമാണെന്ന് വെച്ച് മറ്റേ കാര്യം ഹറാമാകുന്നുമില്ല
ഉദാഹരണത്തിന് വസ്ത്രങ്ങളില്‍ വെള്ളവസ്ത്രമാണ് ഉത്തമം എന്നിരിക്കെ മറ്റു വസ്ത്രങ്ങള്‍ ധരിക്കുന്നവരെ ആരും ആക്ഷേപിക്കാറില്ലല്ലോ ! പുരുഷന്മാര്‍ക്ക് മുന്നിലെ സ്വഫാണ് പുണ്യം എന്നിരിക്കെ പിറകിലെ സ്വഫ് ഹറാമാണെന്നോ, പുണ്യം ഇല്ലന്നോ, ആരെങ്കിലും വാദിക്കാറുണ്ടോ ? ഇല്ല എന്നുതന്നെയാണ് സമസ്തക്കാരുടെയും വാദം. അപ്പോള്‍ പിന്നെ ഇവിടെ സമസ്താക്കാരുടെ ഉദ്ദേശ്യം പള്ളികളിലെ ജുമുഅകളിലും കുതുബകളിലും പങ്കെടുക്കുക വഴി ഇസ്ലാമിന്റെ യഥാര്‍ത്ഥ പാഠങ്ങള്‍ സ്ത്രീകള്‍ മനസ്സിലാക്കരുത് എന്നത് തന്നെയാണ്. അതിന്നായി അല്ലാഹുവും അവന്റെ റസൂലും അനുവദിച്ച കാര്യങ്ങള്‍ ധിക്കാരത്തോടെ ഇവര്‍ ഹറാമാക്കുകയും ചെയ്യുന്നു. എന്നാല്‍ സ്ത്രീകള്‍ ജാറങ്ങളിലെക്കും സകല തോന്നിവാസങ്ങളും നടക്കുന്ന നേര്‍ച്ച, പൂരങ്ങളിലേക്കും പോകുന്നതിനു ഒരുകുഴപ്പമില്ലതാനും! എന്തൊരു വിരോധാഭാസം !
സ്ത്രീകളെ പള്ളിവിലക്കാനായി പറയാറുള്ള വീടാണ് ഉത്തമം എന്ന ഹദീസിന്റെ സ്വീകാര്യതയെ പറ്റി പണ്ഡിതന്മാര്‍ എന്ത് പറയുന്നു
---------------------------------------
“ഹബീബ്ബ്‌നു അബീസാബിത് , ഇബ്‌നു ഉമര്‍ (റ) നെ തൊട്ട് നിവേദനം : നബി (സ) അരുളി: നിങ്ങളുടെ സ്ത്രീകളെ പള്ളിയില്‍ നിന്ന് നിങ്ങള്‍ തടയരുത്, അവര്‍ക്ക് വീടാണുത്തമം” (അബൂദാവൂദ്)
ഈ ഹദീസിന്റെ പരമ്പര പോലും ദുര്‍ബലമായതാണ്. ഇതിന്റെ സര്‍വ പരമ്പരകളും ഹബീബുബ്‌നു സാബിത് 'അന്‍' എന്ന് പറഞ്ഞാണ് ഉദ്ധരിക്കുന്നത്. ഇതിന് ഹദീസ് നിദാന ശാസ്ത്രത്തില്‍ ‘അന്‍ അനത്ത് ’ എന്നാണ് പറയുക. ഹബീബ്‌നു അബീ സാബിത് എന്നാ വ്യക്തി , ഇബ്നു ഉമര്‍ (റ) നെ നേരിട്ട് കാണുകയോ അദ്ദേഹത്തില്‍ നിന്ന് വല്ലതും കേള്‍ക്കുകയോ ചെയ്ത വ്യക്തിയല്ല. താന്‍ നേരിട്ട് കേള്‍ക്കാത്തത് കേട്ടിട്ടുണ്ട് എന്ന് വരുത്തുന്ന വ്യക്തിയാണ് ഹബീബ്‌നു അബീ സാബിത് എന്ന് ഇബ്‌നു ഖുസൈമ, ഇബ്‌നുഹിബ്ബാന്‍ പോലെയുള്ള പ്രഗത്ഭരായ ഹദീസ് പണ്ഡിതന്മാര്‍ എല്ലാം തന്നെ പറയുന്നു (തഹ്ദീബ് 1:185). ഇത്തരം സ്വഭാവമുള്ളവര്‍ വിശ്വസ്തന്മാരായാല്‍ പോലും 'അന്‍' എന്ന് പ്രയോഗിച്ചുകൊണ്ട് ഹദീസ് ഉദ്ധരിച്ചാല്‍ സ്വീകരിക്കുവാന്‍ പാടില്ല. ഇതാണ് ഹദീസിന്റെ നിയമം. അതിനാല്‍ ഈ ഹദീസ് സ്ഥിരപ്പെടാത്ത ദുര്‍ബലമായ ഹദീസാണെന്ന് ഇബ്‌നു ഖുസൈമ (റ) തന്റെ പ്രസിദ്ധ ഹദീസ് ഗ്രന്ഥമായ സ്വഹീഹില്‍ ഒരു അധ്യായം തന്നെ നല്‍കി പ്രഖ്യാപിക്കുന്നുണ്ട്.
മാത്രവുമല്ല സ്വഹീഹായ നൂറുക്കണക്കിന്നു ഹദീസുകളുടെ ആശയങ്ങള്‍ക്ക് വിരുദ്ധമാകയാല്‍ തെളിവിന് സ്വീകരിക്കാന്‍ പററാത്ത ശാദ്ദിന്റെ ഗണത്തിലാണ് ഈ ഹദീസും പരിഗണിക്കുന്നത്. നിങ്ങള്‍ സ്ത്രീകളെ പള്ളിയില്‍ നിന്ന് തടയരുത് എന്ന് പറയുന്ന ഹദീസുകള്‍ മാത്രമാണ് ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്നത്. വീടാണ് സ്ത്രീകള്‍ക്ക് ഉത്തമമെന്ന് പറയുന്ന ഭാഗം അവര്‍ ഉദ്ധരിക്കുന്നില്ല. ഈ ഹദീസില്‍ പറയുന്ന വിവരങ്ങള്‍ നബി(സ)യില്‍ നിന്ന് സ്വഹാബിമാര്‍ കേട്ടിട്ടില്ല.
കേട്ടിരുന്നെങ്കില്‍ മുഹാജിറുകളും അന്‍സ്വാറുകളുമായ സ്വഹാബവനിതകള്‍ ഏറ്റവും ശ്രേഷ്ഠമായത് ഉപേക്ഷിച്ച് സുബഹിക്കുപോലും പള്ളിയില്‍ വരുമായിരുന്നില്ല, ഇഷാ നമസ്‌കാരം വൈകിയതിന്റെ പേരില്‍ സ്ത്രീകളും കുട്ടികളും പള്ളിയില്‍ ഉറങ്ങിപ്പോയ അവസ്ഥയുണ്ടാകുമായിരുന്നില്ല, കരയുന്ന കുട്ടികളുമായി ബുദ്ധിമുട്ടി പള്ളിയില്‍ അവര്‍ നമസ്‌കരിക്കാന്‍ വരില്ലായിരുന്നു. രാത്രിയിലെ നീണ്ട നമസ്‌കാരത്തില്‍ ക്ഷീണിക്കുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ കയര്‍ കെട്ടേണ്ട ആവശ്യം സൈനബ (റ) ക്ക് വരില്ലായിരുന്നു. വീടാണ് ഉത്തമമെങ്കില്‍ ആ കല്പന ലംഘിച്ചു ആയിഷ (റ) പ്രവാചകന്റെ മരണ ശേഷവും ഇഹ്തികാഫിരിക്കാന്‍ വേണ്ടി പള്ളിയിലേക്ക് പുറപ്പെടില്ലായിരുന്നു. ഉമര്‍ (റ) കൂടെ ഭാര്യ ആതിഖ (റ) ജാമാഅത്തിനായി പള്ളിയിലേക്ക് വരില്ലായിരുന്നു. സ്ത്രീകളെ പള്ളിയില്‍ നിന്ന് തടയും എന്ന് പറഞ്ഞ മകനോട് ഇബ്‌നു ഉമര്‍ വഴക്കിടില്ലായിരുന്നു .
സ്ത്രീകളെ പള്ളിവിലക്കാനായി പറയാറുള്ള മറ്റൊരു ഹദീസായ സ്ത്രീകള്‍ വീട്ടിന്റെ ഉള്ളിന്റെയുള്ളില്‍ ഇരിക്കണമെന്ന ഉമ്മു ഹുമൈദ് സാഇദി (റ) യുടെ ഹദീസിനെ പറ്റി പണ്ഡിതന്മാര്‍ എന്ത് പറയുന്നു
---------------
ഉമ്മുഹുമൈദ് സാഇദി (റ) നബി (സ) യോട് പറഞ്ഞു: “ഞങ്ങള്‍ താങ്കളുടെ കൂടെ നമസ്‌ക്കരിക്കുവാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഞങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍ ഞങ്ങളെ തടയുന്നൂ. അപ്പോള്‍ നബി (സ)പറഞ്ഞു: നിങ്ങളുടെ വീടിന്റെ മുറികളില്‍ വെച്ച് നിസ്‌ക്കരിക്കുന്നതാണ് നിങ്ങളുടെ വീട്ടില്‍ വെച്ച് നമസ്‌ക്കരിക്കുന്നതിനേക്കാളും, നിങ്ങളുടെ വീട്ടില്‍ വെച്ച് നമസ്‌ക്കരിക്കുന്നതാണ് ജമാഅത്ത് നടക്കുന്ന പള്ളിയില്‍ വെച്ച് നമസ്‌ക്കരിക്കുന്നതിനേക്കാളും നിങ്ങള്‍ക്കുത്തമം” (ബൈഹഖി)
ഇവിടെ നാം മനസ്സിലാക്കേണ്ട ചില കാര്യങ്ങള്‍ ഞങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍ ഞങ്ങളെ തടയുന്നു എന്ന ഉമ്മു ഹുമൈദി (റ) ന്റെ പരാതി കേട്ടപ്പോഴാണ് നിങ്ങള്‍ക്കുത്തമം വീടാണ് എന്ന് നബി (സ) പറഞ്ഞത്. സുന്നത്തായ കാര്യങ്ങല്‍ ഭര്‍ത്താക്കന്‍മാരുടെ അനുമതിയില്ലെങ്കില്‍ അത് ഭാര്യമാര്‍ ചെയ്യാന്‍ പാടില്ല. അത് ഇസ്ലാമിലെ നിയമമാണ്. ഭര്‍ത്താക്കന്‍മാരോടാവട്ടെ ഭാര്യമാര്‍ പള്ളിയില്‍ പോയി നിസ്‌ക്കരിക്കാന്‍ അനുമതി ചോദിച്ചാല്‍ തടയരുതെന്നും കല്‍പിച്ചു. ചില ഭര്‍ത്താക്കന്‍മാര്‍ക്ക് തന്റെ ഭാര്യ പുറത്ത് പോകുന്നതും മററും പല കാരണങ്ങളാല്‍ ഇഷ്‌പ്പെട്ടെന്ന് വരില്ല. അതിനാല്‍ ഇനി എന്തെങ്കിലും സാഹചര്യത്താല്‍ ഭര്‍ത്താക്കന്‍മാര്‍ അനുമതി നല്‍കിയിട്ടില്ലെങ്കില്‍ അക്കാരണത്താല്‍ അവള്‍ പ്രതിഷേധിക്കേണ്ടതില്ല. ഭര്‍ത്താവിനെ അനുസരിച്ച് വീട്ടില്‍ നിസ്‌ക്കരിക്കുക. എന്നാല്‍ നബി (സ) യുടെ കല്‍പ്പനകളെ പാലിക്കുന്ന ഭര്‍ത്താക്കന്‍മാര്‍ തന്റെ ഭാര്യ പള്ളിയില്‍ പോയി നിസ്‌ക്കരിക്കാന്‍ അനുമതി ചോദിച്ചാല്‍ ‘നിങ്ങളുടെ സ്ത്രീകളെ പള്ളിയില്‍ നിന്ന് നിങ്ങള്‍ തടയരുത് ' എന്ന നബി (സ) യുടെ കല്‍പ്പന മാനിച്ച് തനിക്കിഷ്ടമില്ലെങ്കിലും അവര്‍ ഭാര്യമാര്‍ക്ക് പള്ളിയില്‍ പോകാന്‍ അനുമതി നല്‍കും. അതാണ് ഉമര്‍ (റ) സ്വീകരിച്ച നിലപാട്. അതാണ് മുത്തബിഉസ്സുന്ന: അബ്ല്‌ലാഹിബ്‌നു ഉമര്‍ (റ) വിനെ പോലുള്ളവര്‍ സ്വീകരിച്ച നിലപാട്. അതുതന്നെയാണ്
ശാഫിഈ മദ്ഹബിന്‍റെ നിലപാടും !
ഇതിനു പുറമെ ഈ ഹദീസ് ദുര്‍ബലമായതാണ്. ഈ ഹദീസിന്റെ പരമ്പരയിലുള്ള അബ്ദുല്‍ ഹുമൈദിബ്‌നു മുന്‍ദിര്‍ എന്ന മനുഷ്യന്‍ അറിയപ്പെടാത്ത വ്യക്തിയാണ്. നിവേദകന്മാരെ കുറിച്ച് വിവരിക്കുന്ന ഒരൊറ്റ ഗ്രന്ഥത്തിലും ഇയാളെക്കുറിച്ച് പരാമര്‍ശം കാണുന്നില്ല. ഇബ്‌നു ഹസം (റ) അദ്ദേഹത്തിന്റെ ‘മുഹല്ല’യില്‍ പറഞ്ഞു : “എന്നാല്‍ അബ്ദുല്‍ ഹുമൈദുബ്‌നു മുന്‍ദിര്‍ അറിയപ്പെടാത്ത വ്യക്തിയാണ് ”( 2175 ) ഈ ഹദീസ് നിര്‍മിതമായ ഹദീസാണെന്ന് മറ്റൊരു സ്ഥലത്തു ഇബ്‌നുഹസം (റ) തന്നെ പറയുന്നു (മുഹല്ല 3115).
ചുരുക്കത്തില്‍ സ്ത്രീകള്‍ക്ക് വീടാണ് ഉത്തമം എന്നുള്ള ദുര്‍ബലമായ ഹദീസുകളില്‍ അല്പമെങ്കിലും ശക്തിയുള്ളത് ഈ രണ്ട് ഹദീസുകളാണ്. ഇതിന്റെ അവസ്ഥയാണ് നാം വിവരിച്ചത്. മറ്റുള്ളവ നിര്‍മിതമായ (മൗളൂഅ്) ആയ ഹദീസുകളാണ്.