6. സ്ത്രീ പള്ളിപ്രവേശനം ഹദീസുകള്‍


സ്ത്രീ പള്ളിപ്രവേശനം ഹദീസുകള്‍

 ----------------------------


തങ്ങളുടെ വികലവാദങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ സമസ്തക്കാര്‍  തള്ളിക്കളഞ്ഞ നൂറുകണക്കിന് സഹീഹായ ഹദീസുകളില്‍ ചിലത് 

 സ്ത്രീകളെ പള്ളിയില്‍ നിന്നും തടയരുതെന്ന

 റസൂല്‍ (സ) യുടെ കല്പന

-----------

നിങ്ങളുടെ സ്ത്രീകള്‍ പള്ളികളിലേക്ക് പോകാനുള്ള അവരുടെ അവകാശം ചോദിച്ചാല്‍ നിങ്ങളവരെ തടയരുത്  
(മുസ്ലിം)

ഇബ്‌നു ഉമര്‍(റ) നിവേദം: അല്ലാഹുവിന്റെ പ്രവാചകന്‍ (സ) അരുളി: നിങ്ങള്‍ അല്ലാഹുവിന്റെ അടിയാത്തികള്‍ക്ക് അല്ലാഹുവിന്റെ പള്ളികളെ വിലക്കരുതെ.
 (മുസ്ലിം : 1018)

സൈദ് ബിന്‍ ഖാലിദ് (റ) വില്‍ നിന്നും നിവേദനം  : നബി(സ) പറഞ്ഞു:അല്ലാഹുവിന്റെ അടിയാത്തികളായ സ്ത്രീകളെ അല്ലാഹുവിന്റെ പള്ളികല്‍നിന്നും നിങ്ങള്‍ തടയരുത്. അവര്‍ സുഗന്ധം പുരട്ടാതെ പുറപ്പെടട്ടെ..! 
 ( അബൂദാവൂദ് )

സാലിം (റ) തന്റെ പിതാവില്‍നിന്ന് നിവേദനം : അല്ലാഹുവിന്റെ പ്രവാചകന്‍ (സ) അരുളി: നിങ്ങളിലൊരാളുടെ ഭാര്യ പള്ളിയിലേക്ക് പോകാന്‍ അനുവാദം ചോദിച്ചാല്‍ അവളെ തടുക്കരുത് 
(ബുഖാരി : 5238) 

ഇബ്‌നുഉമര്‍(റ) പറയുന്നു: 'അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു:പള്ളികളില്‍ നിന്ന് സ്ത്രീകള്‍ക്ക് ലഭിക്കാനുള്ള നന്മയുടെ ഓഹരികളെ നിങ്ങള്‍ സ്ത്രീകള്‍ക്ക് തടയരുത്.' 
(മുസ്‌ലിം 140)

അല്ലാഹുവിന്റെ അടിയാത്തികളായ സ്ത്രീകളെ പള്ളിയില്‍ നമസ്‌ക്കരിക്കുന്നതില്‍ നിന്ന് നിങ്ങള്‍ തടയരുത്
.( ഇബ്‌നുമാജ :16, അഹമ്മദ് 1327,അഹ്മദ് 1335, ബസ്സാര്‍ 151 ) 

അബൂഹുറയ്‌റ (റ) നിവേദനം നബി (സ) പറഞ്ഞു: അല്ലാഹുവിന്റെ അടിയാത്തികളായ സ്ത്രീകളെ അല്ലാഹുവിന്റെ പള്ളികല്‍ നിന്നും നിങ്ങള്‍ തടയരുത്. അവര്‍ സുഗന്ധം പുരട്ടാതെ പുറപ്പെടട്ടെ.!
( താരീഖുല്‍ കബീര്‍  ബുഖാരി )

പള്ളിയില്‍ പുരുഷന്മാരുടെ പിറകിലായി സ്ത്രീകള്‍ നമസ്‌കരിച്ചിരുന്നു

-----------

അബൂഹുറയ്‌റ (റ)നിവേദനം: അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു: പുരുഷന്‍മാരുടെ സ്വഫില്‍ ഏററവും ഉത്തമമായത് ആദ്യത്തേതും മോശമായിട്ടുള്ളത് അവസാനത്തേതുമാണ്, സ്ത്രീകളുടെ സ്വഫില്‍ ഏററവും ഉത്തമമായത് അവസാനത്തേതും മോശമായിട്ടുള്ളത് ആദ്യത്തേതുമാണ്. 
(സ്വഹീഹ് മുസ്‌ളിം)

ഉമ്മുസലമ(റ) നിവേദനം : അല്ലാഹുവിന്റെ റസൂല്‍ (സ) സലാം വീട്ടുന്നതോടെ സ്ത്രീകള്‍ എഴുന്നേററ് പോവുമായിരുന്നു. സലാം വീട്ടിയ ഉടനെ എഴുന്നേല്‍ക്കുന്നതിനു മുന്‍പായി നബി(സ) അല്‍പ്പസമയം അവിടെത്തന്നെ ഇരിക്കും. ഇമാം സുഹ്രി പറയുന്നു: ജനങ്ങളില്‍ നിന്നും പിരിഞ്ഞുപോകുന്നവര്‍ തങ്ങളുമായി കൂടിക്കലരുന്നതിനു മുമ്പായി സ്ത്രീകള്‍ എഴുന്നേററു പോകുവാന്‍ വേണ്ടിയായിരുന്നു ആ ഇരുത്തമെന്ന് ഞാന്‍ കരുതുന്നു. 
(സ്വഹീഹുല്‍ ബുഖാരി : 837) 

ഉമ്മു സമല(റ) നിവേദനം: തിരുമേനി(സ) സലാം ചൊല്ലിയാല്‍ തന്റെ സ്ഥാനത്തുതന്നെ അല്‍പസമയം ഇരിക്കാറുണ്ട്. ഇബ്‌നുശിഹാബ്(റ) പറയുന്നു. സ്ത്രീകള്‍ എഴുന്നേറ്റ് പോകുവാന്‍ വേണ്ടിയായിരുന്നു അതെന്ന് ഞങ്ങള്‍ ദര്‍ശിക്കുന്നു. ഉമ്മുസമല(റ) നിവേദനം: തിരുമേനി(സ) സലാം വീട്ടിയാല്‍ സ്ത്രീകള്‍ പിരിഞ്ഞുപോയി അവരുടെ വീടുകളില്‍ പ്രവേശിക്കും. തിരുമേനി(സ) വിരമിക്കുന്നതിനു മുമ്പായി.
(ബുഖാരി. 847)

സഹ്ല്(റ) നിവേദനം : തുണിയുടെ കുറവ് കാരണം, ചില പുരുഷന്‍മാര്‍ അവരുടെ തുണികള്‍ കുട്ടികളെപ്പോലെ പിരടിയില്‍ ബന്ധിച്ച് നബി(സ) യുടെ പിന്നിലായിക്കൊണ്ട് നമസ്‌ക്കരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അപ്പോള്‍ ഒരാള്‍ വിളിച്ചു പറഞ്ഞു: അല്ലയോ, സ്ത്രീ സമൂഹമേ.!, പുരുഷന്‍മാര്‍ എഴുന്നേല്‍ക്കുന്നതു വരെ നിങ്ങള്‍ ശിരസ്സുയര്‍ത്തരുത്
( സ്വഹീഹുല്‍ ബുഖാരി )

 അനസ്(റ) നിവേദനം: നമസ്‌കാരം ലഘൂകരിക്കുകയും അതോടൊപ്പം പൂര്‍ത്തിയാക്കുകയും ചെയ്യുന്ന നബി(സ)യെക്കാള്‍ ഉത്തമനായ മറ്റൊരു ഇമാമിന്റെ പിന്നില്‍ നിന്നു ഞാന്‍ തീരെ നമസ്‌കരിച്ചിട്ടില്ല. അവിടുന്ന് ശിശുക്കളുടെ കരച്ചില്‍ കേള്‍ക്കും. അപ്പോള്‍ മാതാവിന് കുഴപ്പം ഉണ്ടാകുമെന്ന് ഭയന്ന് അവിടുന്ന് നമസ്‌കാരത്തെ ലഘൂകരിക്കും. 
(ബുഖാരി. 1. 11. 676)

നബി (സ) യുടെ ഭാര്യമാര്‍ ഉള്‍പെടെയുള്ള സത്യവിശ്വാസിനികളായ മഹതികള്‍

 ------------

ആയിശ (റ) നിവേദനം: സത്യവിശ്വാസിനികളായ സ്ത്രീകള്‍ നബി (സ) യുടെ കൂടെ അവരുടെ പട്ടുപുതപ്പ് മൂടിപ്പുതച്ചു കൊണ്ട് സുബ്ഹ് നമസ്‌ക്കാരത്തില്‍ പങ്കെടുക്കാറുണ്ടായിരുന്നു. നമസ്‌ക്കാരം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ അവര്‍ അവരുടെ വീടുകളിക്കേ് പിരിഞ്ഞു പോകും.ഇരുട്ടുകാരണം അവരെ ആരും തിരിച്ചറിയുകയില്ല.
 ( ബുഖാരി ഹദീസ് നമ്പര്‍ 578, മുസ്‌ളിം 230 )

ഉമ്മുസലമ (റ) നിവേദനം : അല്ലാഹുവിന്റെ റസൂല്‍ സലാം വീട്ടുന്നതോടെ സ്ത്രീകള്‍ എഴുന്നേററ് പോവുമായിരുന്നു. സലാം വീട്ടിയ ഉടനെ എഴുന്നേല്‍ക്കുന്നതിനു മുന്‍പായി നബി (സ) അല്‍പ്പസമയം അവിടെത്തന്നെ ഇരിക്കും. ഇമാം സുഹ്രി പറയുന്നു. ജനങ്ങളില്‍ നിന്നും പിരിഞ്ഞുപോകുന്നവര്‍ തങ്ങളുമായി കൂടിക്കലരുന്നതിനു മുമ്പായി സ്ത്രീകള്‍എഴുന്നേററു പോകുവാന്‍ വേണ്ടിയായിരുന്നു ആ ഇരുത്തമെന്ന് ഞാന്‍ കരുതുന്നു.
(സ്വഹീഹുല്‍ ബുഖാരി 837)

ഉമ്മുസല്‍മ(റ) പറയുന്നു: 'നബി (സ) നമസ്‌കാരത്തില്‍ നിന്ന് സലാം വീട്ടിയാല്‍ അദ്ദേഹം പിരിഞ്ഞുപോകുന്നതിന്ന് മുമ്പായി സ്ത്രീകള്‍ പിരിഞ്ഞുപോയി അവരുടെ വീടുകളില്‍ പ്രവേശിക്കുമായിരുന്നു.' (ബുഖാരി 850)

അനസ് (റ) നിവേദനം: റസൂല്‍ (സ) ഒരിക്കല്‍ പള്ളിയില്‍ പ്രവേശിച്ചു. അപ്പോള്‍ പള്ളിയില്‍ രണ്ട് തൂണുകള്‍ക്കിടയില്‍ ബന്ധിച്ച ഒരു കയര്‍ കണ്ടു. അപ്പോള്‍ റസൂല്‍ (സ)  ചോദിച്ചു. എന്താണിത്..? അവര്‍ പറഞ്ഞു. സൈനബിന് വേണ്ടിയുള്ളതാണ്. അവര്‍ (അവിടെ) നിസ്‌ക്കരിക്കും അവര്‍ക്ക് ക്ഷീണവും മടുപ്പും ഉണ്ടാകുമ്പോള്‍ ആ കയറില്‍ പിടിച്ച് നിസ്‌ക്കരിക്കും. അപ്പോള്‍ നബി(സ) പറഞ്ഞു: അത് അഴിച്ചുമാററുക, ക്ഷീണവും മടുപ്പുമുണ്ടാവുമ്പോള്‍ ഇരിക്കുക:
( സ്വഹീഹുല്‍ മുസ്‌ളിം )

ആയിശ(റ) നിവേദനം: നബി(സ) മരിക്കുന്നതുവരെ റമളാനിലെ അവസാനത്തെ പത്തില്‍ ഇഅ്ത്തികാഫ് ഇരിക്കാറുണ്ടായിരുന്നു. നബി(സ)യുടെ മരണശേഷം അവിടുത്തെ പത്‌നിമാരും ഇഅ്ത്തികാഫ് ഇരുന്നുകൊണ്ടിരുന്നു. (ബുഖാരി. 3. 33. 243)  

സ്ത്രീകള്‍ പള്ളിയില്‍ രാത്രിയിലെ നമസ്‌കാരങ്ങളില്‍

 ---------------------


ആയിശ (റ) നിവേദനം: സത്യവിശ്വാസിനികളായ സ്ത്രീകള്‍ നബി (സ) യുടെ കൂടെ അവരുടെ പട്ടുപുതപ്പ് മൂടിപ്പുതച്ചു കൊണ്ട് സുബ്ഹ് നമസ്‌ക്കാരത്തില്‍ പങ്കെടുക്കാറുണ്ടായിരുന്നു. നമസ്‌ക്കാരം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ അവര്‍ അവരുടെ വീടുകളിക്കേ് പിരിഞ്ഞു പോകും.ഇരുട്ടുകാരണം അവരെ ആരും തിരിച്ചറിയുകയില്ല. 
( ബുഖാരി ഹദീസ് നമ്പര്‍ 578, മുസ്‌ളിം 230 )

അബൂഹുറൈറ(റ) നിവേദം: നബി(സ) പറഞ്ഞു: ഏതെങ്കിലും സ്ത്രീ സുഗന്ധം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നമ്മുടെ കൂടെ അവസാനത്തെ രാത്രി നമസ്‌കാരത്തിന് പങ്കെടുക്കരുത്. 
(മുസ്ലിം : 1026)

ആയിശ(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ) ഇശാ നമസ്‌കാരം പിന്തിച്ചു. സ്ത്രീകളും കുട്ടികളും ഉറങ്ങിപ്പോയി എന്ന് ഉമര്‍(റ) വിളിച്ചു പറയുന്നതുവരെ. അപ്പോള്‍ അവിടുന്ന് നമസ്‌കരിക്കാന്‍ വന്നു. അവിടുന്ന് അനന്തരം അരുളി: ഭൂമിയിലെ ആളുകളില്‍ നിങ്ങളല്ലാതെ ഇപ്പോള്‍ ഇതിനെ ആരും പ്രതീക്ഷിക്കുന്നില്ല. മദീനയില്‍ മാത്രമാണ് അന്ന് (ജമാഅത്തായി പള്ളിയില്‍ വെച്ച്) നമസ്‌കരിച്ചിരുന്നത്. അവര്‍ ഇശാ നിര്‍വ്വഹിച്ചിരുന്നത് സൂര്യാസ്തമനത്തിന് ശേഷം ആകാശത്ത് അവശേഷിക്കുന്ന ചുകപ്പു നിറം പറ്റെ മായുന്ന ഘട്ടം മുതല്‍ രാവിന്റെ മൂന്നിലൊരു ഭാഗം കഴിയുന്ന സമയത്തിനുള്ളിലായിരുന്നു.
 (ബുഖാരി. 1. 10. 544) 

ഇബ്‌നുഉമര്‍(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങള്‍ സ്ത്രീകള്‍ക്ക് പള്ളിയില്‍ പോവാന്‍ രാത്രിയില്‍ (പോലും) അനുമതി നല്‍കുവിന്‍. (ബുഖാരി. 2. 13. 22)

ഇബ്‌നു ഉമര്‍(റ) നിവേദം: അല്ലാഹുവിന്റെ പ്രവാചകന്‍(സ) അരുളി: നിങ്ങളുടെ ഭാര്യമാര്‍ രാത്രിയില്‍ പള്ളിയിലേക്ക് പോകാന്‍ അനുവാദം ചോദിച്ചാല്‍ അവര്‍ക്ക്  അനുവാദം നല്‍കുവീന്‍. 
(ബുഖാരി : 865)

സൈനബ(റ) നിവേദനം നബി (സ) സ്ത്രീകളോട് പറയുന്നു: നിങ്ങളാരെങ്കിലും ഇശാനമസ്‌ക്കാരത്തിന് ഹാജരാവുകയാണെങ്കില്‍ ആ രാത്രിയില്‍ നിങ്ങള്‍ സുഗന്ധം പൂശരുത്.  
(മുസ്ലിം)

സ്ത്രീകള്‍ ഈദ് ഗാഹിലെ പെരുന്നാള്‍ നമസ്‌കാരങ്ങളില്‍

--------------

ഇബ്‌നുഅബ്ബാസ്(റ) നിവേദനം: നബി (സ) ചെറിയ പെരുന്നാള്‍ ദിവസം രണ്ട് റക്അത്ത് നമസ്‌കരിച്ചു. അതിന്റെ മുമ്പും അതിന്റെ ശേഷവും നബി സുന്നത്ത് നമസ്‌കരിച്ചില്ല. ശേഷം സ്ത്രീകളുടെ അടുത്തുവന്ന് ധര്‍മ്മം ചെയ്യാന്‍ അവരോട് നിര്‍ദ്ദേശിച്ചു. നബി (സ) യുടെ കൂടെ ബിലാലും ഉണ്ടായിരുന്നു. സ്ത്രീകള്‍, സ്വര്‍ണ്ണം കൊണ്ടും വെള്ളി കൊണ്ടും നിര്‍മ്മിക്കപ്പെട്ട അവരുടെ കര്‍ണ്ണാഭരണങ്ങളും മാലകളും അതില്‍ ഇടുവാന്‍ തുടങ്ങി.
(ബുഖാരി. 2. 15. 81)

ജാബിര്‍(റ) നിവേദനം: ചെറിയപെരുന്നാള്‍ ദിവസം നബി(സ) പുറപ്പെടുകയും ഖുത്തുബക്ക് മുമ്പായി നമസ്‌കാരം ആരംഭിക്കുകയും ചെയ്യും. ഇബ്‌നു അബ്ബാസ്(റ) നിവേദനം: അദ്ദേഹം ഇബ്‌നുസുബൈറിന് ആദ്യമായി ബൈഅത്ത് ചെയതുകൊണ്ട് ഇപ്രകാരം പറഞ്ഞയച്ചു. നിശ്ചയം നബി (സ) യുടെ കാലത്ത് ചെറിയപെരുന്നാള്‍ ദിവസം ബാങ്കു വിളിക്കപ്പെടാറില്ല. ഖുത്തുബ നമസ്‌കാരശേഷം മാത്രമായിരുന്നു.ഇബ്‌നുഅബ്ബാസ്, ജാബിര്‍(റ) എന്നിവര്‍ പറയുന്നു:ചെറിയപെരുന്നാള്‍ ദിവസവും ബലിപെരുന്നാള്‍ ദിവസവും ബാങ്കു  വിളിക്കാറുണ്ടായിരുന്നില്ല. ജാബിര്‍(റ) നിവേദനം: നബി(സ) എഴുന്നേറ്റ് നിന്ന് നമസ്‌കാരം ആരംഭിച്ചു. ശേഷം ജനങ്ങളോട് പ്രസംഗിച്ചു. പ്രസംഗത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ പ്രവാചകന്‍ ഇറങ്ങുകയും സ്ത്രീകളുടെ അടുത്ത് ചെന്ന് അവരെ (വീണ്ടും) ഉദ്‌ബോധിപ്പിക്കുകയുംചെയ്തു. നബി(സ) ബിലാലിന്റെ കയ്യിന്മേല്‍ ഊന്നിനിന്നുകൊണ്ട്. ബിലാല്‍ തന്റെ ഒരു വസ്ത്രം നിവര്‍ത്തിപ്പിടിച്ചിട്ടുണ്ട്. സ്ത്രീകള്‍ അതിലേക്ക് ദാനധര്‍മ്മം നിക്ഷേപിക്കും. ഞാന്‍ (ഒരു നിവേദകന്‍) അത്വാഅ്(റ)നോട് ചോദിച്ചു: ഇന്നും ഇമാമുകള്‍ സ്ത്രീകളുടെ അടുത്തു ചെന്ന് ഖുതുബ:യില്‍ നിന്ന് വിരമിച്ചാല്‍ പ്രത്യേകമായ ഉദ്‌ബോധനം അവര്‍ക്ക് നല്‍കല്‍ നിര്‍ബന്ധമാണോ? അദ്ദേഹം പറഞ്ഞു. നിശ്ചയം, അത് അവരുടെ മേല്‍ നിര്‍ബന്ധമായതാണ്. അവര്‍ക്ക് അപ്രകാരം ചെയ്യാതിരിക്കുവാന്‍ എന്തുണ്ട്?. 
(ബുഖാരി. 2. 15. 78)

അബ്ദുല്ലാഹിബ്‌നു റവാഹ:(റ)ത്തിന്റെ സഹോദരിയില്‍ നിന്ന് നിവേദനം: നബി(സ) അരുളി: വസ്ത്രമുള്ള സര്‍വ സ്ത്രീകളും പെരുന്നാളിന്ന് നമസ്‌കാരസ്ഥലത്തേക്ക് പുറപ്പെടല്‍ നിര്‍ബന്ധമാണ് (ബുഖാരിയുടെ താരീഖുല്‍ കബീര്‍ 798)

ആര്‍ത്തവകാരികളോടും ഈദ്ഗാഹില്‍ വരാന്‍ നബി (സ) കല്പിച്ചിരുന്നു

 -----------------

ഉമ്മുഅതിയ്യ:(റ) നിവേദനം: പെരുന്നാള്‍ ദിവസം മൈതാനത്തേക്ക് പുറപ്പെടാന്‍ ഞങ്ങള്‍ കല്പിക്കാറുണ്ട്. യുവതികളായ സ്ത്രീകളെ അവരുടെ അന്തഃപുരിയില്‍ നിന്ന് പുറത്തുകൊണ്ടുവരാനും. അങ്ങനെ അശുദ്ധിയുള്ള സ്ത്രീകളെ വരെ ഞങ്ങള്‍ ഈദ് ഗാഹിലേക്ക് കൊണ്ട് വരും. അവര്‍ ജനങ്ങളുടെ പിന്നില്‍ അണിനിരക്കും. അവര്‍ (പുരുഷന്‍മാര്‍) തക്ബീര്‍ ചൊല്ലുന്നതുപോലെ സ്ത്രീകളും തക്ബീര്‍ ചൊല്ലും. അവര്‍ പ്രാര്‍ത്ഥിക്കുന്നതു പോലെ പ്രാര്‍ത്ഥിക്കും. ആ ദിവസത്തെ നന്മയും പരിശുദ്ധിയും അവരും കാംക്ഷിക്കും.
 (ബുഖാരി. 2. 15. 88)

ഉമ്മുഅത്വിയ്യ:(റ) നിവേദനം: ആര്‍ത്തവകാരികളായ സ്ത്രീകളേയും യുവതികളേയും രഹസ്യമുറികളില്‍ ഇരിക്കുന്ന സ്ത്രീകളേയും ഈദ്ഗാഹിലേക്ക് കൊണ്ടു വരാന്‍ ഞങ്ങളോട് ശാസിക്കപ്പെടാറുണ്ട്. എന്നാല്‍ ആര്‍ത്തവകാരികള്‍ മുസ്‌ളിംകളുടെ സംഘത്തില്‍ പങ്കെടുക്കും. അവരുടെ പ്രാര്‍ത്ഥനകളിലും. നമസ്‌കാരസന്ദര്‍ഭത്തില്‍ നമസ്‌കാരസ്ഥലത്തു നിന്ന് അവര്‍ അകന്ന് നില്‍ക്കും. 
(ബുഖാരി. 2. 15. 97)

ഉമ്മൂ അത്വിയ്യ (റ) യില്‍ നിന്നും നിവേദനം : ആര്‍ത്തവകാരികളെയും മറയില്‍ താമസിക്കുന്ന സ്ത്രീകളെയും രണ്ട് പെരുന്നാള്‍ നമസ്‌ക്കാരങ്ങല്‍ക്ക് പുറപ്പെടുവിക്കുവാന്‍ നബി(സ) യില്‍ നിന്നും ഞങ്ങള്‍ക്ക് കല്‍പന ലഭിച്ചിരുന്നു. അങ്ങിനെ ആ സ്ത്രീകള്‍ മുസ്‌ളീങ്ങളുടെ ജമാഅത്തിലും പ്രാര്‍ത്ഥനയിലും പങ്കെടുക്കും. ആര്‍ത്തവകാരികള്‍ നമസ്‌ക്കാരസ്ഥലത്തുനിന്നും വിട്ടുനില്‍ക്കും. ഒരു സ്ത്രീ ചോദിച്ചു. യാ റസൂലുല്ലാഹ്, ഞങ്ങളില്‍ ഒരുവള്‍ക്ക് പര്‍ദ്ദയില്ലെങ്കില്‍ എന്തുചെയ്യും ? നബി (സ) പറഞ്ഞു : അവള്‍ക്ക് തന്റെ സഹോദരി അവളുടെ പര്‍ദ്ദയില്‍ നിന്ന് ഒന്ന് ധരിക്കാന്‍ നല്‍കട്ടെ !  
( ബുഖാരി 1. 8. 347, 351, 324, 971,  975961 )( മുസ്ലിം 890, 885, 886, 884, )

 ഗ്രഹണനമസ്‌ക്കാരത്തില്‍ നബി (സ) യോടൊപ്പം പങ്കെടുത്ത പ്രവാചക പത്‌നി ആഇശ (റ) യും, സഹോദരി അസ്മാഅ് (റ) യും

-------------  

ആഇശ(റ) പറയുന്നു: അല്ലാഹുവിന്റെ ദൂതന്‍ ഒരു ദിവസം പ്രഭാതത്തില്‍ ഒരു വാഹനത്തില്‍ കയറി പുറപ്പെട്ടു. അപ്പോള്‍ സൂര്യഗ്രഹണം ഉണ്ടായി.  ഉടനെ ഞാന്‍ ഒരു സംഘം സ്ത്രീകളെയും കൊണ്ട്  നബി (സ) യുടെ പത്‌നിമാരുടെ വാസസ്ഥലത്തിലൂടെ പള്ളിയിലേക്ക് പുറപ്പെട്ടു. അപ്പോള്‍ നബി (സ) തന്റെ വാഹനത്തില്‍ പള്ളിയില്‍ എത്തിച്ചേരുകയും സാധാരണ നമസ്‌ക്കാരം നടത്താറുള്ള സ്ഥലത്ത് നില്‍ക്കയും ചെയ്തു. ജനങ്ങള്‍ അദ്ദേഹത്തിന്റെ പിന്നില്‍ നമസ്‌ക്കാരത്തിന് നിന്നു. നബി (സ) ദീര്‍ഘമായി (ഖുര്‍ആന്‍ പാരായണം ചെയ്തു) നിന്നു. പിന്നീട് റുകൂഅ് ചെയ്തു. അതും വളരെയധികം ദീഘിപ്പിച്ചു. റുകൂഇല്‍ നിന്നും ഉയര്‍ന്ന് വീണ്ടും ദീര്‍ഘമായി (ഖുര്‍ആന്‍ പാരായണം ചെയ്തു) നിന്നു. അത് ആദ്യത്തെതിനേക്കാള്‍ ലഘുവായിരുന്നു. വീണ്ടും റുകൂഅ് ചെയ്തു. അതും ദീര്‍ഘമായിരുന്നുവെങ്കിലും ആദ്യത്തെതിനേക്കാള്‍ ലഘുവായിരുന്നു. പിന്നീട് റുകൂഇല്‍ നിന്ന് ഉയര്‍ന്നു. അങ്ങിനെ ദീര്‍ഘമായി നിന്നും റുകൂഅ് ചെയ്തും രണ്ട് റക്അത്ത് പൂര്‍ത്തിയാക്കി.അപ്പോഴേക്കും സൂര്യന്‍ പ്രത്യക്ഷപ്പെട്ടിരുന്നു.(സ്വഹീഹ് മുസ്ലിം : 903 )

അസ്മാഅ്(റ) പറയുന്നു: “നബി(സ)യുടെ കാലത്ത് ഒരിക്കല്‍ സൂര്യന് ഗ്രഹണം ബാധിച്ച സന്ദര്‍ഭത്തില്‍ അവിടുന്ന് പരിഭ്രമിച്ചു. ഞാന്‍ എന്റെ ആവശ്യം നിര്‍വഹിച്ച ശേഷം വരികയും പള്ളിയില്‍ പ്രവേശിക്കുകയും ചെയ്തു. അപ്പോള്‍ പ്രവാചകന്‍ നിന്ന് നമസ്‌കരിക്കുന്നതായി ഞാന്‍ കണ്ടു. ഉടനെ ഞാനും നബി(സ)യോടൊപ്പം നമസ്‌കാരത്തില്‍ പ്രവേശിച്ചു. അവിടുന്ന് നിറുത്തം ദീര്‍ഘിപ്പിച്ചു. ഇരിക്കാന്‍ എനിക്ക് തോന്നുന്നതുവരെ. അപ്പോള്‍ ദുര്‍ബലമായ ഒരു സ്ത്രീ നിന്ന് നമസ്‌കരിക്കുന്നതു ഞാന്‍ കണ്ടു. ഇവള്‍ എന്നേക്കാള്‍ ദുര്‍ബലയാണെന്ന് ഞാന്‍ മനസ്സില്‍ പറയും, അങ്ങനെ ഞാന്‍ നിന്നു നമസ്‌കരിക്കുകയും ചെയ്തു.” (മുസ്‌ലിം 908)

സ്ത്രീകള്‍ ഗ്രഹണ നമസ്‌ക്കാരത്തില്‍ പങ്കെടുക്കല്‍

----------------

ജാബിര്‍(റ) പറയുന്നു: “പ്രവാചകന്റെ പുത്രന്‍ ഇബ്‌റാഹീം മരണപ്പെട്ട ദിവസം സൂര്യന്ന് ഗ്രഹണം ബാധിച്ചു. സൂര്യഗ്രഹണം ഉണ്ടായത് ഇബ്‌റാഹീം മരണപ്പെട്ടതു കൊണ്ടാണെന്ന് ജനങ്ങള്‍ പറഞ്ഞു. നബി(സ) ജനങ്ങളെയും കൊണ്ട് നമസ്‌കരിക്കാന്‍ നിന്നു. ശേഷം നബി (സ) പിന്നിലേക്കു മാറി. അപ്പോള്‍ വരികള്‍ തന്റെ അടുത്തുള്ള വരികളിലേക്കു മാറി. അബൂബക്കര്‍ പറയുന്നു: സ്ത്രീകളുടെ വരികളിലേക്ക് ഞങ്ങള്‍ എത്തുന്നതുവരെ. പിന്നീട് നബി(സ) മുന്നിലേക്ക് തന്നെ നിന്നു. ജനങ്ങളും അദ്ദേഹത്തിന്റെ
 മുന്നിലേക്ക് നിന്നു.” 
(മുസ്‌ലിം 904).

ഇമാം നവവി(റ) എഴുതുന്നു: ഈ ഹദീസില്‍ സ്ത്രീകള്‍ ഗ്രഹണ നമസ്‌കാരം നിര്‍വഹിക്കല്‍ നല്ലതാണെന്നുണ്ട്. അതുപോലെ പരപുരുഷന്മാരുടെ പിന്നില്‍ അവര്‍ക്ക് സന്നിഹിതരാകുമെന്നും. (ശര്‍ഹു മുസ്‌ലിം 3481)

സ്ത്രീകള്‍ പെരുന്നാള്‍ മസ്‌ക്കാരത്തില്‍ പങ്കെടുക്കല്‍

---------------------

ഉമ്മു അത്വിയ്യ(റ) പറയുന്നു: ആര്‍ത്തവകാരികളെയും മണിയറയില്‍ ഇരിക്കുന്ന സ്ത്രീകളെയും രണ്ടു പെരുന്നാള്‍ നമസ്‌കാരത്തിലേക്ക് പുറപ്പെടുവിക്കുവാന്‍ ഞങ്ങള്‍ക്ക് കല്പന ലഭിച്ചിരുന്നു. അങ്ങനെ ആ സ്ത്രീകള്‍ മുസ്‌ലിംകളുടെ ജമാഅത്തിലും പ്രാര്‍ഥനയിലും പങ്കെടുക്കും. ആര്‍ത്തവകാരികള്‍ നമസ്‌കാരസ്ഥലത്തു നിന്ന് വിട്ടുനില്ക്കും. ഒരു സ്ത്രീ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളില്‍ ഒരുവള്‍ക്ക് പര്‍ദയില്ലെങ്കില്‍ എന്തു ചെയ്യും? നബി(സ) അരുളി: അവള്‍ക്ക് തന്റെ സഹോദരി അവളുടെ പര്‍ദയില്‍ നിന്ന് ഒന്ന് ധരിക്കാന്‍ നല്കട്ടെ 
(ബുഖാരി 351)

ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇബ്‌നു ഹജര്‍ അസ്ഖലാനി (റ) പറയുന്നുഈ ഹദീസില്‍ സ്ത്രീകള്‍ രണ്ടു പെരുന്നാള്‍ നമസ്‌കാരത്തിന് പുറപ്പെടല്‍ സുന്നത്താണെന്നുണ്ട്. ഇവിടെ യുവതികളും, അല്ലാത്തവരും, സൗന്ദര്യമുള്ളവരും, ഇല്ലാത്തവരും, സമമാണ്. ഈ വിഷയത്തില്‍ സലഫു സ്വാലിഹീങ്ങള്‍ ഭിന്നവീക്ഷണമുള്ളവരാണ്. അബൂബക്കര്‍, അലി, ഇബ്‌നു ഉമര്‍(റ) മുതലായവരില്‍ നിന്ന് അതു സ്ത്രീകള്‍ക്ക് നിര്‍ബന്ധമാണെന്ന് അഭിപ്രായം ഹിയാല്‍   ഉദ്ധരിക്കുന്നുണ്ട്    
 (ഫത്ഹുല്‍ ബാരി:3 541)

ഹിജാബിന്റെ ആയത്തിന് ശേഷം അല്ലെങ്കില്‍ നബി (സ) യുടെ മരണശേഷം

-------------

ആയിശ(റ) നിവേദനം: നബി(സ) മരിക്കുന്നതുവരെ റമളാനിലെ അവസാനത്തെ പത്തില്‍ ഇഅ്ത്തികാഫ് ഇരിക്കാറുണ്ടായിരുന്നു. നബി(സ)യുടെ മരണശേഷം അവിടുത്തെ പത്‌നിമാരും ഇഅ്ത്തികാഫ് ഇരുന്നുകൊണ്ടിരുന്നു.
 (ബുഖാരി. 3. 33. 243)

നബി(സ)യുടെ ഭാര്യയായ ആയിശ(റ), സൈനബ്(റ) എന്നിവര്‍ പള്ളിയില്‍ ഇഅ്തികാഫിരുന്നിരുന്നു
 (ബുഖാരി:2033, മുസ്ലിം:2848) 

അബ്ദുല്ലാഹിബ്‌നുഉമര്‍ (റ) പറഞ്ഞു : നബി (സ) അരുളി : നിങ്ങളില്‍ ഒരാളുടെ ഭാര്യ പള്ളിയിലേക്ക് വരാന്‍ അനുവാദം ചോദിച്ചാല്‍ അവളെ തടയരുത്. ഉമര്‍(റ) വിന്റെ ഭാര്യ പള്ളിയില്‍ വെച്ച് നമസ്‌ക്കരിക്കാറുണ്ട്. അവരോട് അദ്ദേഹം ചോദിച്ചു ഞാനിത് ഇഷ്ടപ്പെടുന്നില്ലെന്ന് നിനക്കറിയാമല്ലോ.? അപ്പോള്‍ അവര്‍ പറഞ്ഞു. താങ്കള്‍ എന്നെ തടയുന്നതുവരെ ഞാന്‍ അതില്‍ നിന്ന് വിരമിക്കുകയില്ല. ഉമര്‍ (റ) വിന് കുത്തേററ സന്ദര്‍ഭത്തില്‍ അവര്‍ പള്ളിയില്‍ ഉണ്ടായിരുന്നു. 
( മുസ്‌നദ് അഹമ്മദ് )

ഇബ്‌നു ഉമര്‍(റ) നിവേദം: ഉമര്‍ (റ) വിന്റെ ഒരു ഭാര്യ സുബഹി, ഇശാ എന്നീ നമസ്‌കാരങ്ങള്‍ ജമാഅത്തായി നമസ്‌കരിക്കാന്‍ പള്ളിയില്‍ വരാറുണ്ടായിരുന്നു. അപ്പോള്‍ അവരോട് ചോദിക്കപ്പെട്ടു. നിങ്ങള്‍ പള്ളിയില്‍ പോകുന്നത് ഉമര്‍ (റ) വിന്ന്  ഇഷ്ടമില്ലെന്നും വെറുപ്പാണെന്നും അറിയാമല്ലോ പിന്നെ എന്തിന്നാണ് നിങ്ങള്‍ പോകുന്നത്? ഉടന്  അവര്‍ തിരിച്ചു ചോദിച്ചു. എന്നാല്‍ പിന്നെ ഉമറിനു തന്നെ നിരോധിച്ചു കളയാന്‍ എന്തു തടസ്സമാണുള്ളത് ? അബ്ദുല്ല പറഞ്ഞു: അല്ലാഹുവിന്റെ ദാസികളെ അല്ലാഹുവിന്റെ പള്ളികളില്‍ നിന്നും തടയരുത് എന്ന നബി വചനമാണ് ഉമറിന് തടസ്സമായി നില്‍ക്കുന്നത്. 
(ബുഖാരി: 900)(ബുഖാരി. 2. 13. 23)

നിങ്ങള്‍ സ്ത്രീകള്‍ക്ക് രാത്രിയില്‍ പള്ളികളിലേക്ക് പോകാന്‍ അനുമതി നല്‍കുവിന്‍ എന്ന് റസൂല്‍ (സ) പറഞ്ഞതായി ഇബ്‌നു ഉമര്‍ (റ) പറഞ്ഞപ്പോള്‍ വാഖിദ് എന്ന് പേരുള്ള അദ്ദേഹത്തിന്റെ മകന്‍ പറഞ്ഞു. അപ്പോഴതു കുഴപ്പത്തിന്നു കാരണമാക്കും.  ഇബ്‌നുഉമര്‍ മകന്റെ നെഞ്ചില്‍ ഇടിച്ചു. ശേഷം പറഞ്ഞു. ഞാന്‍ നബി(സ) യില്‍ നിന്ന് ഹദീസ്ഉദ്ധരിച്ച് സംസാരിക്കുന്നു , നീ പറയുന്നൂ വിടില്ലെന്ന്.
 ( മുസ്ലിം 138 )


നിങ്ങളുടെ സ്ത്രീകള്‍ പള്ളികളിലേക്ക് പോകാന്‍ അനുവാദം ചോദിച്ചാല്‍ നിങ്ങളവരെ തടയരുത് എന്ന് നബിസ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ടെന്ന് ഇബ്‌നു ഉമര്‍ (റ) പറഞ്ഞപ്പോള്‍ ബിലാല്‍ എന്ന് പേരുള്ള അദ്ദേഹത്തിന്റെ മകന്‍ പറഞ്ഞു. അല്ലാഹുവാണെ സത്യം, നിശ്ചയം ഞങ്ങളവരെ തടയുന്നതാണ്. അപ്പോള്‍ ഇബ്‌നു ഉമര്‍ (റ), മകന്റെ നേരെ തിരിഞ്ഞ് അവനെ വളരെ മ്‌ളേഛമായ നിലക്ക് ശകാരിച്ചു. ഇതുപോലെ അദ്ദേഹം ശകാരിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. ശേഷം അദ്ദേഹം പറഞ്ഞു. ഞാന്‍ നബി(സ) യില്‍ നിന്ന് ഹദീസ് ഉദ്ധരിച്ച് സംസാരിക്കുന്നു., നീയാകട്ടെ, അല്ലാഹുവാണെ സത്യം, ഞങ്ങളവരെ തടയുമെന്ന് പറയുന്നൂ !
( മുസ്ലിം 135 )

“..അതു കാരണം ഇബ്‌നു ഉമര്‍ (റ) അവന്‍ (മകന്‍) മരിക്കുന്നത് വരേക്കും അവനോട് സംസാരിക്കുകയുണ്ടായില്ല. ”   
 ( അഹ്മദ് 1331 )

ഇബ്‌നു ഉമര്‍(റ) നിവേദനം: ഈ വാതില്‍ നാം സ്ത്രീകള്‍ക്കുവേണ്ടി ഒഴിച്ചിടുകയാണെങ്കില്‍ നന്നായിരുന്നേനെ എന്ന് നബി(സ) അരുളി. നാഫിഅ്(റ) പറയുന്നു: അതിന്നു ശേഷം ഇബ്‌നു ഉമര്‍ (റ) മരിക്കുന്നതുവരെ ആ വാതിലിലൂടെ പ്രവേശിച്ചിട്ടില്ല
 (അബൂദാവൂദ്)

സ്ത്രീകളുടെ വാതിലില്‍ കൂടെ പുരുഷന്മാര്‍ പ്രവേശിക്കുന്നത് ഉമര്‍(റ)നിരോധിച്ചിരുന്നു
 (അബൂദാവൂദ്)

സ്ത്രീകളുടെ പള്ളി പ്രവേശവുമായി ബന്ധപ്പെട്ട ഒരുപാട് ഹദീസുകള്‍ ഇനിയും ലഭ്യമാണ് . ഇത്രയധികം സഹീഹായ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും, അവയെല്ലാം കണ്ണുമടച്ചു തള്ളിക്കൊണ്ടും, ദുര്‍വ്യാഖ്യാനിച്ചുകൊണ്ടും സ്ത്രീകളെ  പള്ളി വിലക്കുന്നതിന്റെ പിന്നിലെ ഉദ്ദേശം ഭയാനകം തന്നെ.മാത്രമല്ല ,പുണ്യമില്ലാത്ത കാര്യം, ഹറാം, ഹിജാബിന്റെ ആയത്ത് എന്നൊക്കെപ്പറഞ്ഞു അല്ലാഹുവിന്റെ ദാസികളെ  തെറ്റിദ്ധരിപ്പിക്കുന്നു. മുകളില്‍ പറഞ്ഞ ഹറാമും ഹിജാബിന്റെ ആയത്തും മറ്റും, അല്ലാഹുവിന്റെ റസൂലിനോ, സഹാബത്തിനോ ശേഷം വന്ന മദ്ഹബിന്റെ ഇമാമുകാള്‍ക്കോ തിരിഞ്ഞില്ല എന്നാണോ സമസ്തയുടെ വാദം.? അതോ അവരൊക്കെ റസൂലിനെ ധിക്കരിച്ചോ ..??കാര്യങ്ങള്‍ നസീഹത്തോടെ മനസ്സിലാക്കുക .അല്ലാഹു അനുഗ്രഹിക്കട്ടെ..!



Popular posts from this blog

ഇമാം ഷാഫി ( رحمه الله )