6 - ഖുര്‍ആന്‍ ഓതി ഹദിയ ചെയ്യല്‍

ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്യല്‍

----------------------------------------------------

നമ്മുടെ നാട്ടില്‍ വ്യാപകമായി കണ്ടുവരുന്ന സമ്പ്രദായമാണ്‌ മരിച്ചവര്‍ക്ക്‌ പ്രതിഫലം ലഭിക്കാനായി ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്യല്‍. മരിച്ച വീട്ടിലും ഖബറിനടുത്തും മരണാസന്ന വേളകളിലുമൊക്കെ ഈ പതിവ്‌ കാണാറുണ്ട്‌. ചിലര്‍ ഖബറിനടുത്ത്‌ ഖത്തപ്പുര കെട്ടി ഇടമുറിയാതെ ഖുര്‍ആന്‍ പാരായണമെന്ന രീതിയും സ്വീകരിക്കുന്നു. മറ്റു അനാചാരങ്ങളെപ്പോലെ ഈ വിഷയത്തിലും നാട്ടുനടപ്പുകളുടെയും ശീലങ്ങളുടെയും വ്യതിരിക്തതകള്‍ പ്രകടമാണ്‌. അല്ലാഹുവോ റസൂലോ ഈ സമ്പ്രദായം പഠിപ്പിച്ചിട്ടില്ല. സ്വഹാബികളുടെ കാലത്ത്‌ ഈ ആചാരമുണ്ടായിരുന്നില്ല. പില്‍ക്കാലത്ത്‌ മതത്തിലുണ്ടായ ഒരു നിര്‍മിത കാര്യമാണിത്‌.

وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا سَعَى

"മനുഷ്യന്ന്‌ താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല" 
( സൂറതു നജ്‌മ്‌  : 39 )

ഈ ആയത്തിന്‍റെ  വിശദീകരണത്തില്‍ പ്രശസ്ഥ ശാഫി പണ്ഡിതനായ  ഇബ്‌നുകസീര്‍(റ) പറയുന്നു:

وَمِنْ هَذِهِ الْآيَةِ الْكَرِيمَةِ اسْتَنْبَطَالشَّافِعِيُّ رَحِمَهُ اللَّهُ ، وَمَنِ اتَّبَعَهُ أَنَّ الْقِرَاءَةَ لَا يَصِلُ إِهْدَاءُ ثَوَابِهَا إِلَى الْمَوْتَى ; لِأَنَّهُ لَيْسَ مِنْ عَمَلِهِمْ وَلَا كَسْبِهِمْ ; وَلِهَذَا لَمْ يَنْدُبْ إِلَيْهِ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أُمَّتَهُ وَلَا حَثَّهُمْ عَلَيْهِ ، وَلَا أَرْشَدَهُمْ إِلَيْهِ بِنَصٍّ وَلَا إِيمَاءٍ ، وَلَمْ يُنْقَلْ ذَلِكَ عَنْ أَحَدٍ مِنَ الصَّحَابَةِ رَضِيَ اللَّهُ عَنْهُمْ ، وَلَوْ كَانَ خَيْرًا لَسَبَقُونَا إِلَيْهِ ، وَبَابُ الْقُرُبَاتِ يُقْتَصَرُ فِيهِ عَلَى النُّصُوصِ ، وَلَا يُتَصَرَّفُ فِيهِ بِأَنْوَاعِ الْأَقْيِسَةِ وَالْآرَاءِ ، فَأَمَّا الدُّعَاءُ وَالصَّدَقَةُ فَذَاكَ مُجْمَعٌ عَلَى وُصُولِهِمَا ، وَمَنْصُوصٌ مِنَ الشَّارِعِ عَلَيْهِمَا 

അര്‍ത്ഥം :- " ഈ ശ്രേഷ്‌ഠമായ ആയത്തില്‍ നിന്നാണ്‌ ഇമാം ശാഫിഈ(റ)യും അദ്ദേഹത്തിന്റെ അനുയായികളും മരിച്ചവര്‍ക്ക്‌ ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്‌താല്‍ മരിച്ചവര്‍ക്ക്‌ അതിന്റെ പ്രതിഫലം ലഭിക്കുകയില്ലെന്നതിന്‌ തെളിവാക്കുന്നത്‌. കാരണം അത്‌ പരേതന്റെ പ്രവര്‍ത്തിയോ സമ്പാദ്യമോ അല്ല. അതുകൊണ്ട്‌ തന്നെയാണ്‌ ഈ കാര്യം നബി(സ) പ്രേരിപ്പിക്കാതിരുന്നത്‌. വ്യക്തമായോ സൂചനയായിട്ട്‌ പോലുമോ അദ്ദേഹം ഇക്കാര്യം അനുശാസിച്ചിട്ടില്ല. സ്വഹാബികളില്‍ ഒരാളില്‍ നിന്നും ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിട്ടുമില്ല. ഇതൊരു നന്മയായിരുന്നെങ്കില്‍ നമ്മെക്കാള്‍ മുമ്പ്‌ അവരതില്‍ മുന്നിടുമായിരുന്നു. (സ്വര്‍ഗത്തിലേക്ക്‌) അടുപ്പിക്കുന്ന കാര്യങ്ങള്‍ (ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍) ക്ലിപ്‌തമാണ്‌. ഈ കാര്യത്തില്‍ ഖിയാസുകള്‍ കൊണ്ടും അഭിപ്രായങ്ങള്‍കൊണ്ടും മാറ്റം വരുത്താവതല്ല.''
 (ഇബ്‌നു കസീര്‍)

ദീനില്‍ ഒരു കാര്യം പുണ്യകര്‍മമാകണമെങ്കില്‍ ഖുര്‍ആനിന്റെയോ സുന്നത്തിന്റെയോ നിര്‍ദ്ദേശമുണ്ടാകണമെന്നത്‌ ഇസ്‌ലാമിന്റെ പ്രഖ്യാപിത തത്വമാണ്‌. എന്നാല്‍, മരിച്ചവര്‍ക്കായി ഖുര്‍ആന്‍ പാരായണം ചെയ്‌ത്‌ ഹദ്‌യ ചെയ്യുന്ന സമ്പ്രദായം വാശിയോടെയും മാത്സര്യ ബുദ്ധിയോടെയുമാണ്‌ ഇവിടെ നടപ്പിലാക്കുന്നത്‌. ശാഫി മദ്‌ഹബ്‌ പിന്‍പറ്റുന്നവരാണ്‌ തങ്ങളെന്ന്‌ അവര്‍ അവകാശപ്പെടുകയും ചെയ്യുന്നു. ഈ വിഷയത്തില്‍ മാലികി മദ്‌ഹബിന്റെയും ശാഫിഈ മദ്‌ഹബിന്റെയും പ്രബലവും അംഗീകൃതവുമായ അഭിപ്രായം ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്യുന്നത്‌ പ്രതിഫലാര്‍ഹമായ പുണ്യകര്‍മമല്ലെന്നാണ്‌.

ഈ കാര്യം ഇമാം നവവി (റ) വ്യക്തമാക്കുന്നത് കാണുക 


وَأَمَّا قِرَاءَةُ الْقُرْآنِ فَالْمَشْهُورُ مِنْ مَذْهَبِ الشَّافِعِيِّ أَنَّهُ لَا يَصِلُ ثَوَابُهَا إِلَى الْمَيِّتِ وَقَالَ بَعْضُ أَصْحَابِهِ : يَصِلُ ثَوَابُهَا إِلَى الْمَيِّتِ . 

وَذَهَبَ جَمَاعَاتٌ مِنَ الْعُلَمَاءِ إِلَى أَنَّهُ يَصِلُ إِلَى الْمَيِّتِ ثَوَابُ جَمِيعِ الْعِبَادَاتِ مِنَ الصَّلَاةِ وَالصَّوْمِ وَالْقِرَاءَةِ وَغَيْرِ ذَلِكَ ، وَفِي صَحِيحِ الْبُخَارِيِّ فِي بَابِ مَنْ مَاتَ وَعَلَيْهِ نَذْرٌ أَنَّ ابْنَ عُمَرَ أَمَرَ مَنْ مَاتَتْ أُمُّهَا وَعَلَيْهَا صَلَاةٌ أَنْ تُصَلِّيَ عَنْهَا . وَحَكَى صَاحِبُ الْحَاوِي عَنْ عَطَاءِ بْنِ أَبِي رَبَاحٍ وَإِسْحَاقَ بْنِ رَاهَوَيْهِأَنَّهُمَا قَالَا بِجَوَازِ الصَّلَاةِ عَنِ الْمَيِّتِ . وَقَالَ الشَّيْخُ أَبُو سَعْدٍ عَبْدُ اللَّهِ بْنُ مُحَمَّدِ بْنِ هِبَةِ اللَّهِ بْنِ أَبِي عَصْرُونَ مِنْ أَصْحَابِنَا الْمُتَأَخِّرِينَ فِي كِتَابِهِ الِانْتِصَارُ إِلَى اخْتِيَارِ هَذَا ، وَقَالَ الْإِمَامُ أَبُو مُحَمَّدٍ الْبَغَوِيُّ مِنْ أَصْحَابِنَا فِي كِتَابِهِ التَّهْذِيبُ : لَا يَبْعُدُ أَنْ يُطْعَمَ عَنْ كُلِّ صَلَاةٍ مُدٌّ مِنْ طَعَامٍ وَكُلُّ هَذِهِ الْمَذَاهِبِ ضَعِيفَةٌ . وَدَلِيلُهُمُ الْقِيَاسُ عَلَى الدُّعَاءِ وَالصَّدَقَةِ وَالْحَجِّ فَإِنَّهَا تَصِلُ بِالْإِجْمَاعِ وَدَلِيلُ الشَّافِعِيِّ وَمُوَافِقِيهِ قَوْلُ اللَّهِ : تَعَالَى : وَأَنْ لَيْسَ لِلْإِنْسَانِ إِلَّا مَا سَعَى وَقَوْلُ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - : إِذَا مَاتَ ابْنُ آدَمَ انْقَطَعَ عَمَلُهُ إِلَّا مِنْ ثَلَاثٍ صَدَقَةٍ جَارِيَةٍ أَوْ عِلْمٍ يُنْتَفَعُ بِهِ أَوْ وَلَدٍ صَالِحٍ يَدْعُو لَهُ


“എന്നാല്‍, മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണം, തീര്‍ച്ചയായും അതിന്റെ പുണ്യം മരണപ്പെട്ട വ്യക്തികള്‍ക്ക് ലഭിക്കുകയില്ല എന്നതാണ് ഇമാം ശാഫിഈ (റ) യുടെ പ്രസിദ്ധമായ അഭിപ്രായം. എന്നാല്‍ അദ്ദേഹത്തിന്റെ ചില അനുയായികള്‍ ആ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്ന് പറയുന്നു. പണ്ഡിതന്മാരില്‍ ഒരു വിഭാഗം എല്ലാ ഇബാദത്തുകളുടേയും പ്രതിഫലം എത്തുമെന്ന് പറയുന്നു”

തുടര്‍ന്ന് ആ അഭിപ്രായങ്ങള്‍ ഉദ്ധരിച്ചതിന്റെ ശേഷം അദ്ദേഹം പറയുന്നു


“ ഈ അഭിപ്രായങ്ങള്‍ മുഴുവനും ദുര്‍ബ്ബലമാണ്. അവരതിന്ന് തെളിവ് പിടിച്ചിരിക്കുന്നത് പ്രാര്‍ഥനയുടെയും സ്വദഖ്‌യുടെയും ഹജ്ജിന്റെയും പ്രതിഫലം മയ്യിത്തിനു ലഭിക്കുമെന്ന് പണ്ഡിത അഭിപ്രായത്തോട് ഖിയാസാക്കിക്കൊണ്ടാണ്. എന്നാല്‍ ഇമാം ശാഫി (റ) യും അദ്ധേഹത്തെ അനുകൂലിക്കുന്നവരും തെളിവ് പിടിച്ചിരിക്കുന്നത്, “തീര്‍ച്ചയായും മനുഷ്യന്ന് അവന്‍ പ്രവര്‍ത്തിച്ചതു മാത്രമേ ലഭിക്കുകയുള്ളൂ” എന്ന അല്ലാഹുവിന്റെ വചനവും, “ഒരു മനുഷ്യന്‍ മരണപ്പെട്ടാല്‍ മൂന്ന് സംഗതികളല്ലാത്തതെല്ലാം (അവയുടെ പ്രതിഫലം) അവനില്‍ നിന്ന് മുറിഞ്ഞുപോകും. അവ: നിലനല്‍ക്കുന്ന ദാനധര്‍മ്മവും ഉപകാരപ്രദമായ അറിവും അവന്നുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സ്വാലിഹായ സന്താനവുമാണ് ”എന്ന നബി കരീം (സ) യുടെ തിരുവചനങ്ങളുമാണ് “

(ശറഹ് മുസ്‌ലിം: 1/90)


ഇമാം നവവിയുടെ മറ്റൊരു ഉദ്ധരണി കാണുക

واختلف العلماء في وصول ثواب قراءة القرآن ، فالمشهور من مذهب الشافعى وجماعة أنه لا يصل

'ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം (മരണപ്പെട്ടവര്‍ക്ക്) എത്തുമോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഭിന്നിച്ചിട്ടുണ്ട്. എന്നാല്‍, ശാഫിഈ മദ്ഹബിന്റെയും പിന്‍പറ്റുന്നവരുടെയും പ്രസിദ്ധമായ അഭിപ്രായം, തീര്‍ച്ചയായും അത് (മരിച്ചവര്‍ക്ക്) എത്തുകയില്ല എന്നതാണ്.'  
( അല്‍ അദ്കാര്‍ പേജ് : 140 )

ഇമാം നവവി(റ)  പറയുന്നു:

وَالْمَشْهُورُ فِي مَذْهَبِنَا أَنَّ قِرَاءَةَ الْقُرْآنِ لَا يَصِلُهُ ثَوَابُهَا
 എന്നാല്‍ ശാഫിഈ മദ്‌ഹബിലെ മശ്‌ഹൂറായ അഭിപ്രായം ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിന്‌ ലഭിക്കുകയില്ല എന്നാണ്‌ (ശറഹ്‌ മുസ്‌ലിം). 

നോക്കൂ ..ഇമാം നവവി (റ) പറയുന്നത് മരണപ്പെട്ടവര്‍ക്ക് ഖുര്‍ആന്‍ ഓതി ഹദിയ ചെയ്‌താല്‍ അതിന്‍റെ പ്രതിഫലം ലഭിക്കുകയില്ല എന്നാണ് .  
ലഭിക്കുമെന്ന് പറയുന്ന പണ്ടിതാഭിപ്രായങ്ങള്‍ ദുര്‍ബലമാണെന്നാണ് ഇമാം നവവി (റ) പറയുന്നത് . മാത്രമല്ല ഈ കാര്യത്തില്‍ ഖിയാസുകൊണ്ടോ അഭിപ്രായങ്ങള്‍ കൊണ്ടോ മാറ്റം വരുത്താന്‍ പാടില്ല എന്ന് ഇമാം ഇബ്നുകസീര്‍ അദ്ധേഹത്തിന്റെ തഫ്സീറില്‍ വ്യക്തമാക്കുകയും ചെയ്തു 

മശ്‌ഹൂറായ അഭിപ്രായത്തിന്‌ വിരുദ്ധമായ അഭിപ്രായം തിരസ്‌കരിക്കപ്പെടണമെന്നാണ്‌ ശാഫിഈ മദ്‌ഹബിലെ നിലപാട്‌. എന്നിട്ടും ഒറ്റപ്പെട്ട വീക്ഷണങ്ങള്‍ മദ്‌ഹബിന്റെ വീക്ഷണമായി തെറ്റിദ്ധരിപ്പിക്കപ്പെടുകയാണ്‌ ചെയ്യുന്നത്‌.


ഈ വിഷയത്തില്‍ ഒരു ഹദീസും സ്വഹീഹായിട്ടില്ലെന്ന്‌ ഇബ്‌നു ഹജറില്‍ അസ്‌ഖലാനി(റ) തല്‍ഖീസ്‌ എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. ഓതി ഹദ്‌യ ചെയ്യാമെന്ന്‌ വാദിക്കുന്നവര്‍ അതിന്‌ ഉന്നയിക്കുന്ന മുഴുവന്‍ തെളിവുകളും ബാലിശവും നിര്‍മ്മിതവുമാണ്‌. മര്‍വാനിബ്‌നു സാലിം, യഹ്‌യ ബ്‌നു അബ്‌ദുല്ലാഹിബ്‌നു ദഹ്‌ഹാക്ക്‌, അംറുബ്‌നു സിയാദ്‌ എന്നിവര്‍ വഴിയോ അബൂ ഉസ്‌മാന്‍, അയാളുടെ പിതാവ്‌ എന്നീ അറിയപ്പെടാത്തവര്‍ വഴിയോ ആയിട്ടാണ്‌ ഈ തെളിവുകള്‍ നിരത്തുന്നത്‌. കൂടാതെ ഇദ്വ്‌ത്വിറാബായ റിപ്പോര്‍ട്ടുകളാണ്‌ അവ.

മരണമടഞ്ഞവര്‍ക്ക്‌ അവരുടെ മരണാനന്തരം പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്നും അദ്ദേഹത്തിന്റെ ഏതെല്ലാം ബാധ്യതകളാണ്‌ മറ്റുളളവരാല്‍ പൂര്‍ത്തിയാക്കപ്പെടേണ്ടതെന്നും നബി(സ) പഠിപ്പിച്ചിട്ടുണ്ട്‌. ഖുര്‍ആന്‍ പാരായണം ചെയ്യാത്ത വീടുകളെ ശ്‌മശാനങ്ങളോട്‌ പ്രവാചകന്‍(സ) ഉപമിക്കുമ്പോള്‍ ഖുര്‍ആന്‍ പാരായണവും മരണാനന്തര കര്‍മങ്ങളും തമ്മില്‍ പ്രത്യേക ബന്ധങ്ങളൊന്നുമില്ലെന്ന്‌ വ്യക്തമാണ്.

വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യല്‍ ഏറെ പുണ്യമുള്ളതാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. അതിന്റെ ഓരോ ഹര്‍ഫിനുമുണ്ട് പ്രതിഫലം. അത് ആര്‍ക്കും എപ്പോഴും എവിടെവെച്ചും നിര്‍വ്വഹിക്കാവുന്നതാണ്. എന്നാല്‍, ഇസ്‌ലാം പഠിപ്പിക്കാത്ത സ്ഥലങ്ങളിലും സമയങ്ങളിലും പ്രത്യേക പുണ്യം പ്രതീക്ഷിച്ചും മതപരിവേഷം നല്‍കികൊണ്ടും അത് ചെയ്യാന്‍ അനുവാദമില്ല. എന്ന് മാത്രമല്ല, അത് ബിദ്അത്തിന്റെ പരിധിയിലാണുള്‍പ്പെടുക! മയ്യിത്തിന് പ്രതിഫലം ലഭിക്കുമെന്ന് ഇസ്‌ലാം പഠിപ്പിച്ച ചില സംഗതികള്‍ ഇതില്‍നിന്നൊഴിവാണ്. ഉദാഹരണമായി: 

(1) സ്വദഖത്തുന്‍ ജാരിയ  (അദ്ദേഹത്തിന്റെ മരണശേഷവും മറ്റുള്ളവര്‍ക്ക് ഉപകാരം ലഭിച്ചുകൊണ്ടിരിക്കുന്ന ദാനധര്‍മങ്ങള്‍. പൊതു കിണര്‍, പൊതുജനങ്ങള്‍ക്കായി ഫലങ്ങളുള്ള മരങ്ങള്‍ വെച്ചുപിടിപ്പിച്ചത് തുടങ്ങിയവ ഉദാഹരണം.) (2) ഉപകാരപ്പെടുന്ന അറിവ് (താന്‍ പഠിപ്പിച്ചുകൊടുത്ത അറിവുകൊണ്ട് തന്റെ മരണശേഷവും മറ്റുള്ളവര്‍ പ്രവര്‍ത്തിക്കുന്നത്. ഉദാ: ഒരാളെ നമസ്‌കാരം പഠിപ്പിച്ചാല്‍ അയാള്‍ നമസ്‌കരിക്കുന്നത്രയും കാലം അയാള്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തില്‍ നിന്നും ഒന്നും കുറയാതെ തന്നെ ഈ പഠിപ്പിച്ചയാള്‍ക്കും ലഭിക്കുന്നു.) (3) തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന തന്റെ സ്വാലിഹീങ്ങളായ സന്താനങ്ങള്‍. (മക്കള്‍ തനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചാല്‍ അതിന്റെ പ്രതിഫലം മരണശേഷവും ലഭിക്കുന്നു.) ഇങ്ങനെ, ഖുര്‍ആനും സുന്നത്തും പ്രത്യേകം ഒഴിവാക്കിപ്പറഞ്ഞ കാര്യങ്ങളൊഴികെ മറ്റൊന്നും മരണശേഷം മയ്യിത്തിന് ഉപകാരപ്പെടുകയില്ല. ഇത് ഇസ്‌ലാമിന്റെ ഖണ്ഡിതമായ തീരുമാനമാണ്.

Popular posts from this blog

ഇമാം ഷാഫി ( رحمه الله )