4 - സ്ത്രീകളുടെ ഇഹ്തികാഫ് വീട്ടിലോ.??

സ്ത്രീകളുടെ ഇഹ്തികാഫ് വീട്ടിലോ.??

---------------------

അല്ലാഹുവിന്‍റെയും അവന്റെ രസൂലിന്‍റെയും കല്പനക്ക് വിരുദ്ധമായി സ്ത്രീകളെ പള്ളിയില്‍ നിന്നും തടയുന്നതിന്ന് വേണ്ടി നമ്മുടെ ഉസ്താദുമാര്‍ നടത്താറുള്ള മറ്റൊരു നുണ പ്രചരണമാണ്  സ്ത്രീകളുടെ ഇഹ്തികാഫ് വീട്ടിലാവണം എന്നത്. എന്നാല്‍ ഈ കള്ളവാദത്തിന് പരിശുദ്ധ ഖുര്‍ആനിന്‍റെയോ,  തിരുസുന്നത്തിന്‍റെയോ, എന്തിനധികം  ശാഫിഈ മദ്ഹബിന്‍റെയോ  യാതൊരു പിന്തുണയും ഇല്ല.

സ്ത്രീകളുടെ ഇഹ്തികാഫുമായി ബന്ധപ്പെട്ട് സഹീഹു മുസ്ലിമില്‍  റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ് കാണുക 

 وَحَدَّثَنَا قُتَيْبَةُ بْنُ سَعِيدٍ حَدَّثَنَا لَيْثٌ عَنْ عُقَيْلٍ عَنْ الزُّهْرِيِّ عَنْ عُرْوَةَ عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَعْتَكِفُ الْعَشْرَ الْأَوَاخِرَ مِنْ رَمَضَانَ حَتَّى تَوَفَّاهُ اللَّهُ عَزَّ وَجَلَّ ثُمَّ اعْتَكَفَ أَزْوَاجُهُ مِنْ بَعْدِهِ

"ആയിശ (റ) നിവേദനം :നബി (സ) മരണം വരെ റമളാനിലെ അവസാനത്തെ പത്തില്‍ ഇഹ്തികാഫിരിക്കാരുണ്ടായിരുന്നു . അദ്ദേഹത്തിന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ ഭാര്യമാരും ഇഹ്തികാഫിരുന്നു "
( സഹീഹു മുസ്ലിം , ബുഖാരി )

നബി (സ) യുടെ  വീട് പള്ളിയുടെ തൊട്ടായിരുന്നതിനാൽ നബി (സ)യുടെ  ഭാര്യമാർ വീട്ടിലായിരുന്നു ഇഅ്തികാഫ് ഇരുന്നതെന്ന് ചില ഉസ്താദുമാര്‍  പച്ചക്കള്ളം തട്ടിവിടാറുണ്ട് . ഈ തട്ടിപ്പ് ശാഫിഈ മദ്ഹബിലെ പ്രഗൽഭരായ ഇമാമുകൾ അംഗീകരിക്കാത്തതാണെന്ന് കിതാബുകളില്‍ കാണാം. ഇതുമായി ബന്ധപ്പെട്ട ഹദീസുകള്‍  വിശദീകരിച്ചുകൊണ്ട് ശാഫിഈ മദ്ഹബിലെ പ്രശസ്ഥ പണ്ഡിതനായ ഇമാം നവവി (റ) അദ്ദേഹത്തിന്‍റെ ഗ്രന്ഥമായ  ശറഹുമുസ്ളിമില്‍ 
 ഇക്കാര്യം വളരെ വ്യക്തമായി വിശദീകരിക്കുന്നത് കാണുക 


وَفِي هَذِهِ الْأَحَادِيثِ : أَنَّ الِاعْتِكَافَ لَا يَصِحُّ إِلَّا فِي الْمَسْجِدِ ؛ لِأَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَزْوَاجَهُ وَأَصْحَابَهُ إِنَّمَا اعْتَكَفُوا فِي الْمَسْجِدِ مَعَ الْمَشَقَّةِ فِي مُلَازَمَتِهِ ، فَلَوْ جَازَ فِي الْبَيْتِ لَفَعَلُوهُ وَلَوْ مَرَّةً لَا سِيَّمَا النِّسَاءُ ؛ لِأَنَّ حَاجَتَهُنَّ إِلَيْهِ فِي الْبُيُوتِ أَكْثَرُ 

( الكتب » صحيح مسلم » كتاب الاعتكاف » باب اعتكاف العشر الأواخر من رمضان )

അര്‍ഥം :- "നിശ്ചയമായും പള്ളിയിലല്ലാതെ ഇഅ്തികാഫ് സ്വഹീഹാവുകയില്ല. എന്ന് ഈ ഹദീസുകളിലൂണ്ട് . കാരണം സ്ഥിരമായി പള്ളിയിൽ കഴിച്ചുകൂട്ടുന്നതിൽ നിരവധി പ്രതിബന്ധങ്ങളുണ്ടായിട്ടും നബിസല്ലല്ലാഹു അലൈഹി വസല്ലംയും ഭാര്യമാരും സഹാബാക്കളും തീർച്ചയായും പള്ളിയിൽ മാത്രമാണ് ഇഅ്തികാഫ് ഇരുന്നിരുന്നത്. വീട്ടിൽ ഇഅ്തിഖാഫ് അനവദനീയമായിരുന്നുവെങ്കിൽ ഒരു പ്രാവശ്യമെങ്കിലും അവരത് ചെയ്യുമായിരുന്നു. വിശിഷ്യാ സ്ത്രീകൾ . വീടുകളില്‍ ഇഅ്തികാഫ് ഇരിക്കാന്‍ അനുവാദം ലഭിക്കേണ്ടതിന്റെ ആവശ്യകത അവർക്ക് വളരെ കൂടുതലാണല്ലോ "
( ശറഹുമുസ്ളിം 4 - 325 )

വളരെയധികം പ്രതിബന്ധങ്ങളുണ്ടായിട്ടും ഒരൊററ പ്രാവശ്യം പോലും വീട്ടിൽ ഇഅ്തികാഫ് ഇരിക്കാതെ പള്ളിയിൽ മാത്രം ഇഅ്തികാഫ് ഇരിക്കലായിരുന്നൂ നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെയും ഭാര്യമാരുടേയും സഹാബത്തിന്‍റെയും ചര്യ. എന്ന് ശാഫിമദ്ഹബിലെ പ്രഗൽഭനായ ഇമാം നവവി (റ) യാണ് തന്‍റെ ശറഹുമുസ്ളിം എന്ന കിതാബിൽ പറയുന്നത്. 

ഇനി അദ്ധേഹത്തിന്‍റെ മറ്റൊരു കിതാബായ ശറഹു മുഹദ്ധബില്‍ എന്താണ്  പറയുന്നത് എന്ന്  നോക്കാം 

لَا يَصِحُّ الِاعْتِكَافُ مِنْ الرَّجُلِ وَلَا مِنْ الْمَرْأَةِ إلَّا فِي الْمَسْجِدِ ، وَلَا يَصِحُّ فِي مَسْجِدِ بَيْتِ الْمَرْأَةِ وَلَا مَسْجِدِ بَيْتِ الرَّجُلِ وَهُوَ الْمُعْتَزَلُ الْمُهَيَّأُ لِلصَّلَاةِ ، هَذَا هُوَ الْمَذْهَبُ
( الكتب » المجموع شرح المهذب » كتاب الاعتكاف » الاعتكاف في غير المسجد )

അര്‍ത്ഥം :-  "പുരുഷന്‍റെയും സ്ത്രീയുടെയും ഇഹ്തികാഫ്‌ പള്ളിയിലല്ലാതെ സഹീഹാകുകയില്ല . നമസ്കരിക്കാന്‍ വേണ്ടി തയ്യാറാക്കിയ പുരുഷന്‍റെ വീട്ടിലെ പള്ളിയിലെയും സ്ത്രീയുടെ വീട്ടിലെ പള്ളിയിലെയും ഇഹ്തികാഫും സഹീഹാകുകയില്ല . അതാണ്‌ മദ്ഹബ് "
(ശറഹു മുഹദ്ധബ് )

ഇനി ഇമാം നവവിയുടെ തന്നെ മറ്റൊരു ഗ്രന്ഥമായ മിന്ഹാജുത്ത്വാലിബീന്‍ എന്ന ഗ്രന്ഥത്തില്‍ ഈ വിഷയമായി എന്ത് പറയുന്നു എന്ന് നോക്കാം .


وَالجَدِيدُ: أَنَّهُ لَا يَصِحُّ اعْتِكَافُ المَرْأَةِ فِي مَسْجِدِ بَيْتِهَا، وَهُوَ المُعْتَزَلُ المُهَيَّأُ لِلصَّلَاةِ

അര്‍ത്ഥം :- "നമസ്കാരത്തിനായി പ്രത്യാകം തയ്യാറാക്കിയ 
സ്ത്രീകളുടെ
  വീട്ടിലെ പള്ളിയിലെ ( വീട്ടില്‍ ഒരു സ്ഥലം നമസ്കരിക്കാനായി ഒരുക്കി ,ആ പള്ളിയിലെ ) ഇഹ്തികാഫ്‌ സഹീഹാകുകയില്ല എന്നതാണ്  ഇമാം ഷാഫിയുടെ  ഏറ്റവും പുതിയ (അവസാനത്തെ) അഭിപ്രായം "


( منهاج الطالبين - كتاب الاعتكاف )

നോക്കൂ ..എത്ര വ്യക്തമാണ് മേല്‍ ഉദ്ധരണികള്‍ ! ശാഫി മദ്ഹബിലെ മറ്റുപല കിതാബുകളിലും ഈ പരാമര്‍ശം കാണാവുന്നതാണ് .

സ്ത്രീകളെ പോലുള്ളവര്‍ക്ക് ഇഹ്തികാഫിരിക്കാന്‍ വീടാണ് സൌകര്യമായിട്ടുള്ളതെങ്കില്‍ പോലും നബി (സ) യുടെ  ഭാര്യമാര്‍ പള്ളിയിലല്ലാതെ ഇഹ്തികാഫിരിക്കുകയോ വീട്ടില്‍ ഇഹ്തികാഫിരിക്കാന്‍  അവര്‍ക്ക് അനുവാദം ലഭിക്കുകയോ ചെയ്തിട്ടില്ല എന്ന് പ്രശസ്ത ഷാഫി പണ്ഡിതന്‍ ഇമാം നവവി (റ) ഹദീസുകളുടെ വെളിച്ചത്തില്‍ വ്യക്തമാക്കുന്നു. മാത്രവുമല്ല സ്ത്രീകളുടെ വീട്ടിലെ ഇഹ്തികാഫോ വീട്ടിലെ പള്ളിയിലെ ഇഹ്തികാഫോ സഹീഹാകുകയില്ല എന്നും പ്രഖ്യാപിക്കുന്നു .

സ്ത്രീകളെ പള്ളികളില്‍ നിന്ന് തടയുവാന്‍ വേണ്ടി പ്രവാചകചര്യയെയും സ്വന്തം മദ്ഹബിനെപോലും തള്ളുന്ന ഉസ്താദുമാര്‍ക്ക് എന്തുണ്ട് പറയാന്‍ മറുപടി ..?!   

Popular posts from this blog

ഇമാം ഷാഫി ( رحمه الله )