ഇമാം ഷാഫി ( رحمه الله )


بســـم الله الرحمن الرحيم 

الســـلام عليكم ورحمة الله وبركاته 

الحمد لله والصلاة والســـلام على رسول الله وعلى آله وصحبه أجمعين، أما بعد

---------------------

കേരളക്കരയില്‍ ഏറെ പ്രചാരം സിദ്ധിച്ച മദ്ഹബാണ് ശാഫിഈ മദ്ഹബ്.
 മുഹമ്മദുബ്‌നു ഇദ്‌രീസ് അശ്ശാഫിഈ എന്ന ഇമാം ഷാഫി ( رحمه الله ) യാണ് ഈ മദ്ഹബിന്റെ ആചാര്യനായി അറിയപ്പെടുന്നത്. 
ഹിജ്‌റ 150 ല്‍ ഫലസ്തീനിലെ ഗാസയിലാണ് ജനനം. 
രണ്ട് വയസ്സുള്ളപ്പോള്‍ മക്കയിലേക്ക് താമസം മാറ്റിയ അദ്ദേഹത്തിന് 
വിവിധ പണ്ഡിതരില്‍ നിന്നും വിജ്ഞാനം കരസ്ഥമാക്കാന്‍ അവസരം ലഭിച്ചു.
 പിന്നീട് മഹാനവറുകള്‍ മദീനയില്‍ ചെന്നു. ഹദീസിലും ഫിഖ്ഹിലും
 ഇമാം മാലികി ( رحمه الله ) ല്‍നിന്ന് അവഗാഹം നേടി. രണ്ടു പ്രാവശ്യം 
ഖുറാസാന്‍ സന്ദര്‍ശിച്ച അദ്ദേഹം ഇമാം അബൂഹനീഫ ( رحمه الله ) യുടെ
 ശിഷ്യനായ മുഹമ്മദുബ്‌നു ഹസനി ( رحمه الله ) ല്‍ നിന്നും 
ഫിഖ്ഹില്‍ അറിവു നേടി.

അല്‍ രിസാല അല്‍ ഖദീമ (കിതാബുല്‍ ഹുജ്ജ), അല്‍ രിസാല അല്‍ ജദീദ,
 കിതാബുല്‍ ഉമ്മ്, ഇഖ്തിലാഫുല്‍ ഹദീഥ്, ഫളാഇലു ഖുറൈഷ് 
തുടങ്ങി ഒട്ടനവധി ഗ്രന്ഥങ്ങള്‍ 
അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളില്‍ പെട്ടതാണ്. 
ഇറാഖ്, ഈജിപ്ത് തുടങ്ങിയ ലോകത്തിന്റെ അനവധി ഭാഗങ്ങളില്‍ 
ശാഫിഈ മദ്ഹബിന് അനുയായികളുണ്ട്. 
എന്നാല്‍ ഇമാം അബൂഹനീഫ ( رحمه الله ), ഇമാം മാലികിബ്‌നു അനസ് ( رحمه الله )
 എന്നിവരെപ്പോലെ ഒരു മദ്ഹബ് ഇമാം ശാഫിഈ ( رحمه الله ) സ്ഥാപിച്ചിട്ടില്ല. ദീനീവിഷയങ്ങളില്‍ തന്നെ അന്ധമായി പിന്‍പറ്റരുതെന്നും 
പ്രാവചകചര്യ സ്ഥിരപ്പെട്ടാല്‍ അതാണ് സ്വീകരിക്കേണ്ടതെന്നും 
അദ്ദേഹം ശക്തമായി താക്കീത് നല്‍കിയിരുന്നു. 

അദ്ദേഹംപറഞ്ഞു:
"എന്റെ ഗ്രന്ഥങ്ങളില്‍ നബി (صلى الله عليه وسلم) യുടെ ചര്യക്കെതിരായി വല്ലതും
 നിങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍, നബി (صلى الله عليه وسلم) യുടെ ചര്യയുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ സംസാരിക്കുക. എന്റെ അഭിപ്രായത്തെ അവഗണിക്കുകയും ചെയ്യുക. കാരണം ഹദീസ് സ്വഹീഹായി വന്നാല്‍ അതാണെന്റെ മദ്ഹബ്. അതിനാല്‍, എന്റെ അഭിപ്രായത്തിന് എതിരായി ഹദീസ് കണ്ടാല്‍, ആ ഹദീസുകൊണ്ട് നിങ്ങള്‍ പ്രവര്‍ത്തിക്കുക; എന്റെ വാക്കിനെ തള്ളിക്കളയുകയും ചെയ്യുക.'’  
(അല്‍ മജ്മൂഅ് ഇമാം നവവി: 1/63) 

 തന്റെ ജീവിതകാലത്തും, ശേഷവും ഇനിയും ഒരുപാട് സഹീഹായ ഹദീസുകള്‍ലഭിക്കാനുണ്ട് എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
 അങ്ങിനെ ലഭിച്ചാല്‍ അത് സ്വീകരിക്കേണ്ടതിന്റെ ആവശ്യകത വളരെ ഗൗരവമായി അദ്ദേഹം നമ്മോട് താക്കീത് ചെയ്യുന്നു. നബിചര്യയോടുള്ള അദ്ധേഹത്തിന്റെ പ്രതിബദ്ധത ഈ വരികളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. ഇതുപോലെയുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ ഇമാം ശാഫി ( رحمه الله ) യില്‍ നിന്നും വന്നിട്ടുണ്ട്. 
ഹിജിറ 204 ലാണ് മഹാനവറുകളുടെ മരണം.

എന്നാല്‍ പില്‍ക്കാലത്ത് അദ്ധേഹത്തിന്റെ അനുയായികള്‍ എന്ന് 
പറയുന്നവര്‍ മതത്തില്‍ പുതിയ പല അനാചാരങ്ങള്‍ കടത്തിക്കൂട്ടുകയും,
 അദ്ദേഹത്തിന്റെ ഒട്ടുമിക്ക അഭിപ്രായങ്ങള്‍ക്ക് എതിര് പ്രവര്‍ത്തിക്കുകയും, അതിനെല്ലാം ശാഫിഈ മദ്ഹബിന്റെ പരിവേഷം നല്‍കുകയും ചെയ്തു. കേരളക്കരയില്‍ ഇവര്‍ ഇസ്ലാമിന്റെ പേരില്‍ നടത്തുന്ന ശിര്‍ക്ക്, ബിദ്അത്ത്, ഖുറാഫാത്തുകള്‍ക്ക് ഖുറാനിന്‍റെയോ, തിരുസുന്നത്തിന്‍റെയോ,   ശാഫിഈ മദ്ഹബിന്‍റെയോ, പിന്‍ബലമുണ്ടോ എന്ന് ശാഫിഈ മദ്ഹബിലെ പ്രശസ്തരായ പണ്ഡിതന്മാരുടെയും അവരുടെ ഗ്രന്ഥങ്ങളുടെയും അടിസ്ഥാനത്തില്‍ പരിശോധിക്കുകയാണിവിടെ ചെയ്യുന്നത്. 
സത്യം മനസ്സിലാക്കാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ !



Popular posts from this blog