1 - മദ്ഹബുകളെ അന്ധമായി പിന്‍പറ്റല്‍
മൂന്നാമത്തെ മദ്ഹബായ ശാഫിഈ മദ്ഹബിന്റെ ഇമാം
മുഹമ്മദ്ബിനു ഇദ്‌രീസ് അശ്ശാഫിഈ ( رحمه الله )
മദ്ഹബുകളേയും ഇമാമുമാരേയും തഖ്‌ലീദ് അഥവാ അന്ധമായി പിന്‍പറ്റുന്നതുമായി ബന്ധപ്പെട്ട അദ്ധേഹത്തിന്റെ നിലപാട് വ്യക്തമാക്കുന്നു
മഹാനവര്‍കള്‍ പറഞ്ഞു: 'എന്റെ ഗ്രന്ഥങ്ങളില്‍ നബി(സ)യുടെ ചര്യക്കെതിരായി വല്ലതും നിങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍, നബി(സ)യുടെ ചര്യയുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ സംസാരിക്കുക. എന്റെ അഭിപ്രായത്തെ അവഗണിക്കുകയും ചെയ്യുക. കാരണം ഹദീസ് സ്വഹീഹായി വന്നാല്‍ അതാണെന്റെ മദ്ഹബ്. അതിനാല്‍, എന്റെ അഭിപ്രായത്തിന് എതിരായി ഹദീസ് കണ്ടാല്‍ ഹദീസുകൊണ്ട് നിങ്ങള്‍ പ്രവര്‍ത്തിക്കുക;
എന്റെ വാക്കിനെ തള്ളിക്കളയുകയും ചെയ്യുക.'
(അല്‍ മജ്മൂഅ് ഇമാം നവവി : 1/63)
ഞാന്‍ പറഞ്ഞ ഏത് വിഷയത്തിനും വിരുദ്ധമായി ഒരു ഹദീസ്,
നബി(സ)യില്‍ നിന്ന് ഹദീസിന്റെ ആളുകള്‍ക്ക്, സ്വഹീഹായി ഗണിച്ചാല്‍,
എന്റെ ജീവിതകാലത്തായാലും മരണശേഷമായാലും
ഞാന്‍ എന്റെ വാക്കുകളില്‍ നിന്നും വിരമിക്കുന്നു.'
(അല്‍ ഹില്‍യഃ 9/107, ഇഅ്‌ലാമുല്‍ മുവഖിഈന്‍: 2/363)
'ഞാനൊരു കാര്യം പറഞ്ഞതായി നിങ്ങള്‍ കാണുകയും അതിനെതിരായി നബി(സ)യില്‍ നിന്ന് സ്വഹീഹായി ഹദീസ് വരികയും ചെയ്താല്‍, എന്റെ ബുദ്ധി നഷ്ടപ്പെട്ടുപോയെന്ന് നിങ്ങള്‍ മനസ്സിലാക്കുക.'
(ഇബ്‌നു അസാകിര്‍: 1/10, ആദാബുശ്ശാഫിഈ ഇബ്‌നുഅബീഹാതിം: പേജ്: 93)
മാത്രമല്ല, ഇമാം ശാഫിഈ (റ), തന്റെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് രേഖപ്പെടുത്താനൊരുങ്ങിയ ശിഷ്യന്‍ മുസ്‌നി (റ) ക്ക് നല്‍കിയ ഒരു വസിയ്യത്ത് അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധ ഗ്രന്ഥമായ മുഖ്തസര്‍ മുസ്‌നിയുടെ ആദ്യവരികളായി തന്നെ രേഖപ്പെടുത്തിയത് ഇപ്രകാരം വായിക്കാം:
“ഞാന്‍ ഈ ഗ്രന്ഥം, ഇമാം ശാഫി (റ) യുടെ വിജ്ഞാനത്തില്‍ നിന്നും അദ്ദേഹം തന്റെ ഏറ്റവും അടുത്ത ശിഷ്യരോട് പറഞ്ഞ ആശയത്തില്‍ നിന്നും അവരുടെ വിജ്ഞാനം പഠിക്കാന്‍ ഉദ്ദേശിക്കുന്നവനു വേണ്ടി ചുരുക്കി എഴുതിയതാണ്. അദ്ദേഹത്തെയോ മറ്റു പണ്ഡിതന്മാരെയോ തഖ്‌ലീദ് ചെയ്യുന്നതിനെ അദ്ദേഹം വിരോധിച്ചിരിക്കുന്നു എന്ന് അറിയിക്കുന്നതോടുകൂടിയുമാണ്
ഞാന്‍ ഇത് ചുരുക്കിയെഴുതുന്നത് "
(മുഖ്തസര്‍ മുസ്‌നി പേജ്: 1)
ശാഫിഈ മദ്ഹബിലെ മറ്റൊരു പ്രസിദ്ധ പണ്ഡിതനായ ഇമാം ദഹബി (റ) രേഖപ്പെടുത്തിയത് ഇപ്രകാരമാണ് ഹുമൈദി(റ) പറയുന്നു:
-------------------
“ഞങ്ങള്‍ ഇമാം ശാഫിഈ (റ) യുടെ അടുത്തായിരിക്കവേ ഒരാള്‍വന്ന് അദ്ദേഹത്തോട് ഒരു മസ്അലയെ കുറിച്ച് ചോദിച്ചു. അദ്ദേഹം (ഇമാം ശാഫി) പറഞ്ഞു: അക്കാര്യത്തില്‍ റസൂല്‍ (സ) ഇന്നിന്നപ്രകാരമാണ് വിധിച്ചത് എന്ന്. അപ്പോളയാള്‍ ശാഫിഈ (റ) യോട് ചോദിച്ചു: ( ഈ വിഷയത്തെക്കുറിച്ച് ) താങ്കളുടെ അഭിപ്രായമെന്താണ് ? അപ്പോള്‍ ഇമാം ശാഫിഈ (റ) (കോപത്തോടും വെറുപ്പോടും കൂടി) ചോദിച്ചു: സുബ്ഹാനല്ലാഹ് ! നീ എന്നെ ക്രിസ്ത്യന്‍ പള്ളിയിലാണോ കാണുന്നത്? നീ എന്നെ ജൂതപ്പള്ളിലാണോ കാണുന്നത്? എന്റെ മധ്യത്തില്‍ (അരക്കെട്ടില്‍) (പാതിരിമാരുടെ) അരപ്പട്ട നീ കാണുന്നുണ്ടോ? ആ കാര്യത്തില്‍ അല്ലാഹുവിന്റെ റസൂല്‍(സ) വിധിച്ചത് ഞാന്‍ പറഞ്ഞപ്പോള്‍ നീ പറയുന്നു താങ്കളെന്ത് പറയുന്നുവെന്ന് ?! ”
(സിയറു അഅ്‌ലാമിന്നുബലാഅ്)
ചിന്തിക്കുക! ഇതെല്ലാം ശാഫിഈ മദ്ഹബിന്റെ ആചാര്യനായി ഗണിക്കുന്ന സാക്ഷാല്‍ ഇമാം ശാഫിഈ (റ) യുടെ പ്രസ്താവനകളാണ്. ഇതില്‍പരം ഒരാള്‍ക്കെന്താണ് പറയാനാവുക? നബി (സ) യുടെ വാക്കുകള്‍ക്കപ്പുറം തന്റെ വാക്കിനും അഭിപ്രായങ്ങള്‍ക്കും പ്രാധാന്യവും പ്രത്യേകതയും കല്‍പ്പിക്കുന്നതിനോടുള്ള എതിര്‍പ്പിന്റേയും പ്രതിഷേധത്തിന്റേയും പാരമ്യമാണ് ഇമാം ശാഫിഈ (റ) ഇവിടെ പ്രകടിപ്പിക്കുന്നത്. എന്നിട്ടും അദ്ദേഹത്തെ തഖ്‌ലീദ് ചെയ്യണമെന്ന് അഥവാ അന്ധമായി പിന്‍പറ്റന്നണമെന്ന് വാദിക്കുന്നവര്‍ സത്യത്തിന്റെ പക്ഷത്തല്ല എന്നല്ലേ മനസ്സിലാക്കേണ്ടത് ?!
അദ്ദേഹത്തെയും അദ്ദേഹത്തിന്റെ മദ്ഹബിനെയും അന്ധമായി തഖ്‌ലീദ് ചെയ്യുന്നതിനെ എത്ര ഗൗരവത്തോടെയാണ് അദ്ദേഹം എതിര്‍ക്കുന്നത്. അന്നത്തെ സൗകര്യവും നിലവാരമനുസരിച്ച് ആഴത്തില്‍ അറിവുനേടിയ തന്റെ ശിഷ്യനോടുപോലും അദ്ദേഹം അപ്രകാരം പറഞ്ഞെങ്കില്‍, പില്‍കാലത്ത് അദ്ദേഹത്തിന്റെയും മറ്റുള്ളവരുടെയും പേരില്‍ മദ്ഹബുണ്ടാക്കി അത് അന്ധമായി തഖ്‌ലീദ്‌ചെയ്യണമെന്നും അത് ചെയ്യാത്തവര്‍ ഇസ്‌ലാമില്‍ നിന്ന് പുറത്തു പോയവരാണെന്നും, അവര്‍ പിഴച്ചവരും പിഴപ്പിക്കുന്നവരുമാണെന്നും വാദിക്കുന്നവര്‍ എത്ര വലിയ അപരാധമാണ് ഇസ്‌ലാമിനോടും ആ മഹാന്മാരോടും ചെയ്യുന്നത്.!
ശാഫിഈ മദ്ഹബുകാര്‍ എന്ന പേരില്‍ പരിചയപ്പെടുത്തപ്പെടുന്നവര്‍ ഇനിയെങ്കിലും സഗൗരവം പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്.